മധുവിന്റെ കൊലപാതകം; മരണമൊഴിയിലുള്ളവരെ പ്രതി ചേര്‍ക്കാത്തതെന്തേ? ഹൈക്കോടതി

Thursday 24 May 2018 2:37 am IST

കൊച്ചി : അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റു മരിച്ച മധുവിന്റെ മരണമൊഴിയില്‍ പേരെടുത്തു പറയുന്ന അഞ്ചുപേരെ പ്രതികളാക്കാത്തതെന്താണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. വനവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് അടിച്ചു കൊന്ന കേസില്‍ പ്രതികളായ അട്ടപ്പാടി തൊടിയില്‍ വീട്ടില്‍ ഉബൈദ്, പള്ളിശേരില്‍ രാധാകൃഷ്ണന്‍, നജീബ് തുടങ്ങിയവര്‍ നല്‍കിയ ജാമ്യ ഹര്‍ജികളിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.

ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെയാണ് മരണമൊഴിയില്‍ പേരെടുത്തു പറയുന്നവരെ പ്രതിയാക്കാത്തതിനുള്ള കാരണം വ്യക്തമാക്കി പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാരിനോടു നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.  രഹസ്യമൊഴികളുണ്ടെങ്കില്‍ അവയും ഹാജരാക്കണം.

ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദ്ദിച്ചശേഷം പോലീസിന് കൈമാറിയത്. തലയ്ക്ക് പരിക്കേറ്റ മധു ജീപ്പില്‍ വച്ച് തന്നെ മരിച്ചു. മരിക്കുന്നതിന് മുമ്പ് തന്നെ മര്‍ദ്ദിച്ചവരുടെ പേര് മധു പോലീസിനോടു പറഞ്ഞിരുന്നെങ്കിലും പ്രതിയാക്കിയില്ലെന്ന് പ്രതികളിലൊരാളുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.