കൊട്ടക്കാമ്പൂര്‍ ഭൂമിക്കേസ്: തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു

Thursday 24 May 2018 2:45 am IST

കൊച്ചി : ജോയ്‌സ് ജോര്‍ജ് എംപിയുള്‍പ്പെട്ട കൊട്ടക്കാമ്പൂര്‍ ഭൂമിക്കേസിലെ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ വിചാരണക്കോടതി തുടര്‍ നടപടികളെടുക്കുന്നത് ഹൈക്കോടതി ആറാഴ്ചത്തേക്ക് മരവിപ്പിച്ചു. അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ അനുമതി നല്‍കിയതു പുന: പരിശോധിക്കാന്‍ ഉടുമ്പുഞ്ചോല സ്വദേശിയായ മുകേഷ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. 

ജോയ്‌സ് ജോര്‍ജ് എംപിയും ബന്ധുക്കളും കൊട്ടക്കാമ്പൂരില്‍ ഭൂമി കൈയേറിയെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുകേഷ് ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെ അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയുടെ അനുമതി തേടി. സിംഗിള്‍ബെഞ്ച് ഇതനുവദിച്ചു.

തുടര്‍ന്ന് എംപിക്കും ബന്ധുക്കള്‍ക്കുമെതിരെ തെളിവുകളില്ലാത്തതിനാല്‍ കേസവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് പോലീസ് അന്തിമ റിപ്പോര്‍ട്ട് തൊടുപുഴ സെഷന്‍സ് കോടതിയില്‍ നല്‍കി. കോടതി ഇന്ന് ഇതു പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.