പിഎന്‍ബി തട്ടിപ്പ്: ചോക്‌സിക്ക് ജാമ്യമില്ലാ വാറണ്ട്

Thursday 24 May 2018 2:46 am IST

ന്യൂദല്‍ഹി: പിഎന്‍ബി വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതി നീരവ് മോദിയുടെ അമ്മാവന്‍ വജ്ര വ്യാപാരി മേഹുല്‍ ചോക്‌സിക്ക്  പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 12,636 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസമാണ് രണ്ടാം കുറ്റപത്രത്തില്‍ നീരവ് മോദി, മേഹുല്‍ ചോക്‌സി തുടങ്ങിയവരെ ഉള്‍പ്പെടുത്തിയത്.

രണ്ടാമത്തെ കുറ്റപത്രത്തില്‍  ചോക്‌സിയുടെ കമ്പനികള്‍ നടത്തിയ 7,000 കോടി രൂപയുടെ അഴിമതിയെക്കുറിച്ചാണ് കൂടുതല്‍ പരാമര്‍ശിച്ചിരിക്കുന്നത്.  ബാങ്കിന്റെ ചില ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ചോക്‌സി തട്ടിപ്പ് നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

നീരവ് മോദി,  ചോക്സി എന്നിവരെ പ്രതിചേര്‍ത്ത് സിബിഐ കേസെടുത്തുവെങ്കിലും വിദേശത്തേക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് സിബിഐ ഇപ്പോള്‍ വഞ്ചനാക്കുറ്റമുള്‍പ്പെടെയുള്ളവയ്ക്ക്  ചോക്സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

നീരവിനു വിദേശ ബാങ്കുകളില്‍നിന്നു ഹ്രസ്വകാല വായ്പ തരപ്പെടുത്താന്‍ പിഎന്‍ബിയില്‍ നിന്ന് 2011-17 ല്‍ വ്യാജ ജാമ്യപത്രം  നല്‍കിയെന്നതാണു കേസ്. വിദേശ ബാങ്കുകളിലെ വായ്പ തിരിച്ചവടവില്‍ വീഴ്ചവരികയും അവര്‍ പിഎന്‍ബിയോടു പണം ആവശ്യപ്പെടുകയും ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തു വരുന്നതും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.