ഫണ്ട് പിരിവ് : കോണ്‍ഗ്രസ് പ്രതിസന്ധിയില്‍

Thursday 24 May 2018 2:51 am IST

ന്യൂദല്‍ഹി : ഒരുകാലത്ത് കോര്‍പ്പറേറ്റുകളില്‍ നിന്ന് കോടികള്‍ ഒഴുകിയെത്തിയിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ട് വരവില്‍ കുത്തനെ ഇടിവ്. ഇന്നുവരെയുണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. പണമില്ലാത്തതുമൂലം അഞ്ചുമാസങ്ങളായി സംസ്ഥാനഓഫീസുകളുടെ പ്രവര്‍ത്തനത്തിന്  നല്‍കിവന്നിരുന്ന കേന്ദ്രവിഹിതം നിര്‍ത്തലാക്കി. ഭാരവാഹികളോട് ചെലവുകള്‍ ചുരുക്കാനും സംഭാവനകള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

 2019 ലെ തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തിലെത്തുന്നത് തടയണമെങ്കില്‍ ഫണ്ട്‌സമാഹരണം ശക്തിപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ട് സമാഹരണ സംവിധാനമായ ഇലക്ട്രല്‍ ബോണ്ടുകള്‍ കോണ്‍ഗ്രസിന് കാര്യമായി ലഭ്യമാകുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന പറഞ്ഞു. പാര്‍ട്ടിക്ക്  ഫണ്ടില്ല. അതിനാല്‍  ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണത്തിന് മറ്റു വഴികള്‍ കണ്ടെത്തേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. ഫണ്ടിന്റെ അഭാവം മൂലം തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ട  ഒരു മുതിര്‍ന്ന നേതാവിന് സമയത്ത് വിമാനടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥവരെ കഴിഞ്ഞ വര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്റെ ഫണ്ട് വരവിലെ പ്രതിസന്ധി ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു. 

 2017 മാര്‍ച്ചില്‍ സാമ്പത്തികവര്‍ഷം അവസാനിച്ചപ്പോള്‍  ബിജെപിക്ക് ലഭിച്ചതിന്റെ നാലിലൊന്ന് ഫണ്ടുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപി 1034 കോടി രൂപയുടെയുടെ വരുമാനം വെളിപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് വെളിപ്പെടുത്തിയ വരുമാനം 225 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ ബിജെപിക്ക് 81 ശതമാനം വരുമാനവര്‍ധനവ് ഉണ്ടായപ്പോള്‍ കോണ്‍ഗ്രസിന് 14 ശതമാനം വരുമാനം കുറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് ലഭിച്ച സംഭാവനകളിലും കോണ്‍ഗ്രസിന് കാര്യമായ ക്ഷീണമുണ്ടായി. മാര്‍ച്ച് 2016 വരെയുള്ള നാലുവര്‍ഷം കോണ്‍ഗ്രസിന് 167 ബിസിനസ് സ്ഥാപനങ്ങളില്‍ നിന്ന് 705 കോടി ലഭിച്ചപ്പോള്‍ ബിജെപിക്ക് 2,987 സ്ഥാപനങ്ങളില്‍നിന്ന് 705 കോടി ലഭിച്ചു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി സമാഹരിച്ചത് 588 കോടിയും കോണ്‍ഗ്രസ് സമാഹരിച്ചത് 350 കോടിയുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുമുമ്പാകെ പാര്‍ട്ടികള്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു.

 2013 ല്‍ 15 സംസ്ഥാനങ്ങളില്‍ അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇന്ന് ഭരണമുള്ളത്. ലോകത്തെ ശക്തരായ നേതാക്കളില്‍ ഒരാള്‍ ആയുള്ള നരേന്ദ്രമോദിയുടെ വളര്‍ച്ചയും ബിജെപിയുടെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.