നിപ ഭീതിയില്‍ വിനോദസഞ്ചാര മേഖല

Thursday 24 May 2018 2:55 am IST

കോട്ടയം: സംസ്ഥാനത്ത് നിപ വൈറസ് രോഗബാധ സ്ഥിരീകരിച്ചത് വിനോദസഞ്ചാര മേഖലയെ ആശങ്കയിലാക്കി. അവധിക്കാലമായതിനാല്‍ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്കേറിയ സമയത്താണ് രോഗ ബാധ ഉണ്ടായത്. അയല്‍ സംസ്ഥാനങ്ങള്‍ കേരളത്തിലേക്കുള്ള യാത്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ടൂറിസം മേഖലയെ വരുംദിവസങ്ങളില്‍ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. 

 അവധിക്കാലമായതിനാല്‍ കുമരകം, ആലപ്പുഴ, മൂന്നാര്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ട്. എന്നാല്‍ നിപ വൈറസ് സ്ഥിരീകരിച്ചതോടെ ഹൗസ് ബോട്ടുകളുടെ കാന്‍സലേഷന്‍ കൂടി. ഇന്നലെ മൂന്ന് ബുക്കിങ് നഷ്ടപ്പെട്ടതായി ഹൗസ് ബോട്ടുടമ പറഞ്ഞു. ടൂര്‍ ഏജന്‍സികളും ആശങ്കയിലാണ്. അവര്‍ നിരന്തരം സ്ഥിതിഗതികള്‍ സംബന്ധിച്ച് വിവരം ആരായുകയാണെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. കേരളത്തില്‍ എത്തിയതിന് ശേഷം യാത്ര അവസാനിപ്പിച്ച് മടങ്ങുന്നവരുമുണ്ട്. രോഗബാധ വിനോദസഞ്ചാര മേഖലയില്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

കായലോര മേഖലയില്‍ മഴക്കാലം ആരംഭിക്കുന്നതോടെ മണ്‍സൂണ്‍ ടൂറിസം തുടങ്ങുകയായി. റംസാന്‍ കഴിയുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ആയൂര്‍വേദ ചികിത്സയ്ക്കും മറ്റുമായി ധാരാളം പേര്‍ എത്തും. അറബ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് മണ്‍സൂണ്‍ സീസണില്‍ കൂടുതലും എത്തുന്നത്. മൂന്നാറില്‍ കുറിഞ്ഞിക്കാലമാണ്. അവധിക്കാലം അവസാനിക്കാറായതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആഭ്യന്തര സഞ്ചാരികളാണ് ഇപ്പോള്‍ കൂടുതലായി എത്തുന്നത്. 

അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ പറയുന്നത്. ചില സംസ്ഥാനങ്ങള്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് താത്ക്കാലിക മുന്‍കരുതല്‍ നടപടിയായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും അധികൃതര്‍ വിശദീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.