തൂത്തുക്കുടി വെടിവെപ്പ്; ആര്‍എസ്എസ്സിനെ പഴിചാരി രാഹുല്‍ ഗാന്ധി

Thursday 24 May 2018 2:54 am IST

ന്യൂദല്‍ഹി: വേദാന്ത എന്ന വാക്ക് കേട്ട് തെറ്റിദ്ധരിച്ചാണെന്നു തോന്നുന്നു, പത്തു പേരുടെ മരണത്തിനിടയാക്കിയ തമിഴ്‌നാട്ടിലെ വെടിവെപ്പും  കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആര്‍എസ്എസ്സിന്റെ തലയില്‍വെച്ചു. ആര്‍എസ്എസ്സിന്റെ ആദര്‍ശങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ച തമിഴ് ജനതയെ വെടിവെച്ചു കൊല്ലുകയാണെന്ന് തൂത്തുക്കുടിയിലെ പോലീസ് നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തു. ആര്‍എസ്എസ്സനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തമിഴ് ജനത എതിര്‍ക്കുന്നു. അവരെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ അവരെ വെടിവെച്ചു കൊല്ലുകയാണ്, തമിഴിലുള്ള ട്വീറ്റില്‍ രാഹുല്‍ പറയുന്നു. തമിഴ് ജനതയ്‌ക്കൊപ്പം ഞങ്ങളുണ്ടെന്ന് ഉറപ്പും കൊടുക്കുന്നു.

ലണ്ടന്‍ ആസ്ഥാനമായ  വേദാന്ത റിസോഴ്സ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കോപ്പര്‍ പ്ലാന്റ് അടിച്ചു പൂട്ടണം എന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിനുനേരേയാണ് പോലീസ് വെടിവെച്ചത്. തൂത്തുക്കുടിയിലെ വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. എഐഎഡിഎംകെ സര്‍ക്കാരിനും മുഖ്യമന്ത്രി പളനിസ്വാമിക്കും എതിരെ കടുത്ത വിമര്‍ശനമാണ് കമല്‍ ഉന്നയിച്ചത്. 

ജനങ്ങളുടെ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചെന്ന് മക്കള്‍ നീതി മയ്യത്തിന്റെ പ്രസാതാവനയില്‍ പറയുന്നു. ഈ അവഗണനയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ജനങ്ങള്‍ കുറ്റവാളികള്‍ അല്ല. സ്റ്റെര്‍ലൈറ്റും സര്‍ക്കാരും ചേര്‍ന്ന് അവരുടെ ജീവനെടുക്കുകയാണ്, മയ്യം കുറ്റപ്പെടുത്തി.

കാലങ്ങളായി തൂത്തുക്കുടില്‍ ജനങ്ങള്‍ നടത്തിയ സമരങ്ങളെ അവഗണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണ് ഇത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് നടന്‍ രജനീകാന്ത് കുറ്റപ്പെടുത്തു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഡിയോയും രജനീകാന്ത് പുറത്തു വിട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.