ഈഴവ സമുദായ സ്‌നേഹം ഗുരുദവനെ കുരുശില്‍ തറച്ചതോ വെള്ളാപ്പള്ളിയെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചതോ

Thursday 24 May 2018 3:00 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നയം പ്രഖ്യാപിച്ചതോടെ തങ്ങള്‍ക്കാണ് നേട്ടമെന്ന നിലപാടുമായി സിപിഎമ്മും, കോണ്‍ഗ്രസും മത്സരിച്ച് രംഗത്തെത്തി. കോണ്‍ഗ്രസിനാണ് ഗുണകരമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ പറഞ്ഞപ്പോള്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകട്ടെ ചെങ്ങന്നൂരിലെ എസ്എന്‍ഡിപി ഓഫീസിലെത്തിയാണ് വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം ഇടതിന് അനുകൂലമാണെന്ന് കൊട്ടിഘോഷിച്ചത്. 

 മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ എസ്എന്‍ഡിപിയേയും നേതാക്കളെയും ഇരുമുന്നണികളും വേട്ടയാടിയത് ഈഴവ സമുദായവും ശ്രീനാരായണീയരും മറന്നിട്ടില്ലെന്ന് സമുദായംഗങ്ങള്‍ പറയുന്നു. ശ്രീനാരായണ ഗുരുദേവനെ തെരുവില്‍ ടാബ്‌ളോയിലൂടെ കയര്‍ കെട്ടിവലിക്കാനും കുരിശില്‍ തറയ്ക്കാനും തയ്യാറായ സിപിഎം ഇതുവരെ മാപ്പുപറഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എസ്എന്‍ഡിപി നേതൃത്വത്തെ മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനും, അവഹേളിക്കാനും മത്സരിക്കുകയായിരുന്നു ഇടതുവലതു മുന്നണികള്‍. 

  സ്വാമി ശാശ്വതീകാനന്ദയുടെ സമാധിയില്‍ ദുരൂഹതയുണ്ടെന്ന് കഥകള്‍ പ്രചരിപ്പിച്ചും, മൈക്രോഫിനാന്‍സ് നടത്തിപ്പിലെ ചിലയിടങ്ങളിലെ പാളിച്ചകള്‍ ഉയര്‍ത്തിക്കാട്ടിയും ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കളും മത്സരിച്ച് പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിണറായി വിജയനും, വി.എസ്. അച്യുതാനന്ദനും, രമേശ് ചെന്നിത്തലയും, വി.എം. സുധീരനും ഇക്കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികളെന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. 

 പിന്നീട് വര്‍ഗീയ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ജയിലില്‍ അടയ്ക്കാനായിരുന്നു ശ്രമം. അന്ന് വേട്ടയാടാന്‍ നടന്നവരുടെ മനോഭാവം മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെയും നിലപാടുകള്‍. കഴിഞ്ഞ ദിവസവും മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളിക്കും തുഷാറിനും എതിരെ കേസെടുത്തു. വെള്ളാപ്പള്ളിയെ കണ്ടാല്‍ ചില മതന്യൂനപക്ഷ ശക്തികള്‍ പിണങ്ങുമെന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ നിലപാട്. 

പി. ശിവപ്രസാദ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.