മാണിയുടെ നിലപാട് ലജ്ജാകരം; സമുദായത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വോട്ട്: വെള്ളാപ്പള്ളി

Thursday 24 May 2018 3:03 am IST

ആലപ്പുഴ:  സമുദായത്തെ  സഹായിക്കുന്നവരെയാകും ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം സഹായിക്കുകയെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക സംവരണത്തില്‍ എല്‍ഡിഎഫ് മാത്രമല്ല. യുഡിഎഫും പ്രതികളാണ്. 

ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതരായി എസ്എന്‍ഡിപി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോടു കൂറുപുലര്‍ത്തുകയും യോഗ നിലപാടിനോടു സഹകരിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞു സഹായിക്കാന്‍  ആവശ്യമായ നിലപാടു സ്വീകരിക്കാന്‍ എസ്എന്‍ഡിപി യൂണിയനുകള്‍ക്കു നിര്‍ദേശം നല്‍കും.

 മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകള്‍ക്കാണ് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കുന്നത്. പ്രാദേശികമായി സംഘടനയെയും സമുദായത്തെയും സഹായിക്കുന്ന വ്യക്തികളെ കണ്ടെത്താന്‍ ശാഖാ യോഗങ്ങള്‍ക്കു കഴിയും. ആരും ജയിച്ചാലും തോറ്റാലും അതിന്റെ തന്തയാകാന്‍ വരില്ല. സമദൂരമല്ല, സമുദായത്തെ സഹായിക്കുന്നവന്‍ എന്ന ദൂരമുണ്ട്. സമുദായത്തെ സഹായിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശവും അധികാരവും പ്രവര്‍ത്തകര്‍ക്കുണ്ട്. 

മാണിയുടെ നിലപാടു മാറ്റം ലജ്ജാകരവും മോശവുമാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനു വലിയ പരാജയമാണു സംഭവിച്ചത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന അവസ്ഥയിലായി ഇടതു പക്ഷം. എരണ്ട എപ്പോഴും വെള്ളത്തിലേ ചേരൂ എന്ന് ഇവര്‍ മനസ്സിലാക്കിയില്ല. ബിഡിജെഎസ് എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സമവാക്യങ്ങളാണ് ചെങ്ങന്നൂരിലെ പ്രധാന ഘടകം, ശക്തമായ ത്രികോണ മത്സരമാണ് ചെങ്ങന്നൂരില്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.