ലഷ്‌കര്‍ ഇ തൊയ്ബ സംഭാഷണം ചോര്‍ത്താനാകാത്ത മൊബൈലുകള്‍ വികസിപ്പിച്ചു

Thursday 24 May 2018 3:04 am IST

ന്യൂദല്‍ഹി : അന്വേഷണഏജന്‍സികള്‍ക്ക് സംഭാഷണം ചോര്‍ത്താന്‍ കഴിയാത്ത മൊബൈല്‍ സംവിധാനം ആശയവിനിമയത്തിനായി ഭീകരവാദസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ മുള്‍ട്ടാന്‍ സ്വദേശിയായ ഇരുപതുകാരനായ ഹംസ എന്ന സൈബുള്ളയെ ചോദ്യംചെയ്തതില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. 2017ല്‍ 450 യുവാക്കളെ ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനിലെ വിവിധപ്രദേശങ്ങളില്‍ നിന്നും നിന്നും റിക്രൂട്ട് ചെയ്ത് വിദഗ്ധപരിശീലനം നല്‍കിയിട്ടുണ്ടെന്നും സൈബുള്ള വെളിപ്പെടുത്തി.  

ലഷ്‌കര്‍ ഇ തൊയ്ബയുടെ വിദ്യാര്‍ത്ഥിവിഭാഗമായ അല്‍ മുഹമ്മദീയാ സ്റ്റുഡന്‍സ് ആണ് പുതിയ മൊബൈല്‍ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. ഒരു പ്രത്യേക ചിപ്പ് മൊബൈലില്‍ ഇട്ടാല്‍ തൊട്ടടുത്ത ടവറുമായി മൊബൈല്‍ കണക്ഷന്‍ ബന്ധിക്കപ്പെടും. അംഗീകൃത മൊബൈല്‍ സര്‍വ്വീസ് ദാതാക്കളുടെ സേവനമില്ലാതെ തന്നെ ആശയവിനിമയം നടത്താനാകും. ഇത്തരം സംഭാഷണങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കണ്ടെത്താനാവില്ല. ഏതെങ്കിലും തരത്തില്‍ സംഭാഷണം ചോര്‍ത്താന്‍ ശ്രമം നടത്തിയാല്‍ കോള്‍ ഉടന്‍ കട്ടാവും. ബുര്‍ഹാന്‍ വാനിയുടെ പേരിലാണ് യുവാക്കളെ പ്രേരിപ്പിച്ച് 15 നും 25 നുമിടയില്‍ പ്രായമുള്ള 450 യുവാക്കളെ ലഷ്‌കര്‍ ഇ തൊയ്ബ റിക്രൂട്ട് ചെയ്തത്. ഇവരെ കൂടുതല്‍ ആയുധപരിശീലനങ്ങള്‍ക്കായി വിവിധ ക്യാമ്പുകളിലേക്ക് അയച്ചു.

പാക് അധീന കശ്മീരിലെ മുസാഫറാബാദ് വനമേഖലയിലെ മസ്‌ക്കര്‍ ഖാലിബാര്‍ എന്ന ക്യാമ്പില്‍ ലഷ്‌കര്‍ ഇ തൊയ്ബയും മാതൃസംഘടനയായ ജമാത്ത് ഉദ് ദാവയും ആത്മഹത്യാസ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മസ്‌ക്കര്‍ ഖാലിബാറിനെ കൂടാതെ കറാച്ചി ഫുഡ് സെന്റര്‍, മന്‍സേരയില്‍ താബുക്ക്,  മുസാഫറാബാദില്‍ മസ്‌ക്കര്‍, ദക്കന്‍, ഖാലിദ് ബിന്‍ വലീദ് എന്നീ പേരുകളിലും മുര്‍ദ്ദിക്കില്‍ ദോറ ബെയ്ത് ഉല്‍ റിസ്വാന്‍ എന്ന പേരിലും ഏഴ് പരിശീലനക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കടക്കാന്‍ പരിശീലനം പൂര്‍ത്തിയാക്കിയ നാല്‍പ്പതോളം കേഡര്‍ ലഷ്‌കര്‍ ഭീകരസംഘങ്ങള്‍ തയ്യാറെടുക്കുകയാണെന്നും  സൈബുള്ള വെളിപ്പെടുത്തി.  2017 ജനുവരിയില്‍  ദക്കനില്‍ പരിശീലനക്യാമ്പില്‍ രണ്ടുമാസക്കാലം ലഷ്‌കര്‍ ഇ തൊയ്ബ ഓപ്പറേഷന്‍ കമാന്‍ഡറും നവംബര്‍ 26 ഭീകരാക്രമണക്കേസിലെ പ്രതിയുമായ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി പങ്കെടുത്തിരുന്നതായും സൈബുളള പറഞ്ഞു.

 മാര്‍ച്ച് 2 നാണ് സൈബുള്ള അടങ്ങുന്ന ആറംഗസംഘം ഇന്ത്യയിലേക്ക് കടന്നത്. സൈബുള്ളക്കൊപ്പമുണ്ടായിരുന്ന കമാന്‍ഡര്‍ വഖാസ് അടക്കമുള്ള അഞ്ചുപേര്‍ മാര്‍ച്ച് 20 ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവയ്പ്പില്‍ പരിക്കേറ്റ സൈബുള്ള  അവിടെനിന്ന് രക്ഷപ്പെട്ടുവെങ്കിലും 15 ദിവസത്തിനുശേഷം കുപ്‌വാരയിലെ ജഗദിയാല്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും പിടിയിലാവുകയായിരുന്നു. സൈബുള്ളയുടെ പിതാവ് പാകിസ്ഥാനിലെ ഇന്‍കംടാക്‌സ് ഓഫീസറാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.