വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; മില്‍മയില്‍ ധൂര്‍ത്തും അഴിമതിയും

Thursday 24 May 2018 3:06 am IST

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പിന്നാലെ മില്‍മ യൂണിയനുകളെയും പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സംസ്ഥാനത്തെ ത്രിതല ക്ഷീര സഹകരണ മേഖലയെക്കുറിച്ച്  പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ലിഡാ ജേക്കബ്ബ് അദ്ധ്യക്ഷയായി സമിതി രൂപീകരിച്ചിരുന്നു. മില്‍മയുടെ മൂന്ന് മേഖല യൂണിയന്‍ ഭരണസമിതികള്‍ക്കെതിരായുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. 

മേഖലാ യൂണിയനുകളുടെ എണ്ണം മൂന്നില്‍ നിന്ന് രണ്ട് ആക്കി കുറയ്ക്കണമെന്നാണ് സമിതിയുടെ പ്രധാന നിര്‍ദ്ദേശം.  എറണാകുളം - തിരുവനന്തപുരം മേഖലാ യൂണിയനുകളെ സംയോജിപ്പിച്ച് പുനസംഘടന നടത്താനും ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സഹകരണസംഘം നിയമാവലി പ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മേഖലാ യൂണിയനുകളെ പിരിച്ചിവിട്ടാലേ സംയോജനം നടപ്പിലാക്കാന്‍ സാധിക്കൂ. മേഖലാ യൂണിയനുകള്‍ ലാഭത്തിലാണെങ്കിലും വ്യക്തമായ പദ്ധതികള്‍ ഇല്ലെന്നും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ ഒന്നും നടപ്പിലാക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജീവനക്കാരെ അനധികൃതമായി തിരുകികയറ്റുന്നതിലും ധൂര്‍ത്തിലും യൂണിയനുകള്‍ മുന്നിട്ടു നില്‍ക്കുന്നു. അതിനാല്‍  നിയമനങ്ങള്‍ പിഎസ്‌സി മുഖേന നടത്താനും സമിതി ശുപാര്‍ശ ചെയ്യുന്നു.  തുടര്‍ച്ചയായി മൂന്ന് തവണയില്‍ കൂടുതല്‍ ഭരണസമിതി അംഗമാകാന്‍ പാടില്ലെന്ന പ്രധാന നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. ഈ ശുപാര്‍ശയും അതേപടി അംഗീകരിക്കുകയാണെങ്കില്‍ നിലവിലെ ഭരണ സമിതികളിലെ ഭൂരിപക്ഷം അംഗങ്ങളും പുറത്താകും. 

 അസി. മാനേജര്‍ മുതല്‍ മുകളിലുള്ള ജീവനക്കാരുടെ കോമണ്‍ കേഡര്‍ കൊണ്ടുവരിക, മേഖലാ യൂണിയനുകള്‍, ഫെഡറേഷന്‍ എന്നിവിടങ്ങളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്, ടെക്‌നിക്കല്‍ ഓഡിറ്റ് എന്നിവ നടത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍.  മൂന്ന് വര്‍ഷത്തിലേറെയായി സംഘങ്ങളില്‍ പാല്‍ നല്‍കാത്തവരെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ഫാമുകള്‍ക്ക് ലൈസന്‍സിനുള്ള പരിധി അഞ്ചില്‍ നിന്ന് പത്ത് പശുക്കളായി ഉയര്‍ത്തണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. 2017 ജൂണ്‍ 30 നാണ് സമിതി രൂപീകരിച്ചത്. മൃഗസംരക്ഷണ മന്ത്രിക്ക് കെ. രാജുവിന്  റിപ്പോര്‍ട്ട്  കൈമാറി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.