സമാധാന ശ്രമവുമായി മുന്നോട്ടു പോകും; പാത്രിയാര്‍ക്കിസ് ബാവ ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Thursday 24 May 2018 3:07 am IST

തിരുവനന്തപുരം: യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നു സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാത്രിയാര്‍ക്കീസ് ബാവ ഇക്കാര്യം അറിയിച്ചത്.

 മുഖ്യമന്ത്രിയുടെ ഇടപെടലും അതിന്റെ ഭാഗമായി തനിക്ക് അയച്ച കത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്നാണ് വരേണ്ടത്. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉള്ളതിനാലാണ് ഡമാസ്‌കസില്‍ നിന്ന് താന്‍ ഇവിടെ വന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി  സാധ്യമായതെല്ലാം ചെയ്യുമെന്ന് ബാവ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.

ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികള്‍ക്ക് സമാധാനമാണ് വേണ്ടത്  മുഖ്യമന്ത്രി പറഞ്ഞു. ഡമാസ്‌കസില്‍ നിന്നുള്ള മെത്രാപ്പോലീത്താമാരായ മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ എന്നിവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.