ഒഡീഷ സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു

Wednesday 23 May 2018 9:38 pm IST

 

കണ്ണൂര്‍: വളപട്ടണം പോലീസ് പരിധിയിലെ കീരിയാട് ഒഡീഷ സ്വദേശി പ്രഭാകര്‍ദാസിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞു. അന്യസംസ്ഥാനക്കാരായ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണ്ണ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്. ശനിയാഴ്ച അര്‍ധരാത്രി നടന്ന കൊലപാതകത്തിന് ശേഷം പോലീസ് നിരവധിപേരെ ചോദ്യംചെയ്തിരുന്നു. ഏതാനും പേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. 

കൊലനടന്ന വാടക ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് കൊലപാതകം നടത്തിയവര്‍ വരുന്നതും പോകുന്നതും വ്യക്തമായിട്ടുണ്ട്. പ്രതികളെ എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെ നല്‍കിയിരിക്കുന്ന ഇവരുടെ പേരുവിവരങ്ങള്‍ യഥാര്‍ത്ഥമാണോ നേരത്തെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണോ എന്നൊക്കെ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

പ്ലൈവുഡ് കമ്പനിയിലെ സൂപ്പര്‍വൈസറായ പ്രഭാകര്‍ദാസിനെ കൈകാലുകള്‍ കെട്ടിയിട്ടാണ് കുത്തികൊലപ്പെടുത്തിയത്. പ്രഭാകര്‍ദാസിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. സംഭവം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് പുറംലോകം കൊലപാതകത്തെകുറിച്ച് അറിയുന്നത്. പ്രഭാകര്‍ദാസിന്റെ തൊഴിലിടങ്ങളിലുള്ള പ്രശ്‌നങ്ങള്‍, കുടുംബ പശ്ചാത്തലം ഇവയൊക്കെ വ്യക്തമായി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും മൊഴിയെടുത്തിരുന്നു. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഒരുസംഘം സംസ്ഥാനത്തിന് പുറത്തേക്ക് പോയതായും സൂചനയുണ്ട്. താമസിയാതെ തന്നെ പ്രതികളെ എല്ലാതെളിവുകളോടെയും നിയമത്തിനുമുന്നിലെത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്.. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.