ആറളം ഫാം നഴ്‌സറിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: പോളി ഹൌസും തെങ്ങിന്‍ തൈകളും നശിപ്പിച്ചു

Wednesday 23 May 2018 9:39 pm IST

 

ഇരിട്ടി: ആറളം ഫാമിലെ കാര്‍ഷിക നഴ്‌സറിയില്‍ കാട്ടാനക്കൂട്ടമിറങ്ങി പോളി ഹൌസും വില്‍പ്പനക്കായി തയ്യാറാക്കിയ തെങ്ങ്, കമുക് തൈകളും നശിപ്പിച്ചു. മുന്‍പും ആറളം വന്യജീവി സങ്കേതത്തില്‍ നിന്നുമിറങ്ങിയ കാട്ടാനകള്‍ ഫാമിലെ നഴ്‌സറിയില്‍ വ്യാപക നാശം വരുത്തിയിരുന്നു. 

കഴിഞ്ഞ രാത്രിയില്‍ നഴ്‌സറിയുടെ ഗേറ്റ് തകര്‍ത്തെത്തിയ മൂന്നോളം ആനകളാണ് ഇവിടെ അക്രമം നടത്തിയത്. നൂറോളം തെങ്ങിന്‍ തൈകളും ഇരുന്നൂറോളം കമുകിന്‍ തൈകളും ആനകള്‍ നശിപ്പിച്ചു. ഇതിനു സമീപത്തുള്ള പോളിഹൗസും കാട്ടാനകള്‍ നശിപ്പിച്ചു. ഇവിടേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. 

ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ബാവലിപ്പുഴകടന്ന് നാട്ടിലിറങ്ങിയ ആനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാലപ്പുഴ, പെരുമ്പുന്ന, മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപക നാശം വരുത്തുകയും രണ്ടുപേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം ഭീതിപരത്തിയ ആനകളെ മണിക്കൂറുകളുടെ ശ്രമഫലമായാണ് വീണ്ടും കാടുകയറി വിട്ടത്. ഈ ആനകളാണ് ഇപ്പോള്‍ ആറളം ഫാമിലേക്കു കടന്നു നഴ്‌സറികളില്‍ നാശം വിതച്ചതെന്നാണ് അനുമാനിക്കുന്നത്. 

ഫാമിലും ഇവിടുത്തെ ജനവാസ മേഖലകളിലും കാട്ടാനശല്യം തടയാനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ആനമതില്‍, റെയില്‍ ഫെന്‍സിംഗ്, ട്രഞ്ചിങ്ങ്, ഇലട്രിക് ഫെന്‍സിംഗ് എന്നീ പദ്ധതികള്‍ക്ക് ചെലവായത് ഇരുപത് കോടിയോളവും രൂപയാണ്. ഇത് കൂടാതെ വനം വകുപ്പിന്റെ കീഴില്‍ വന്യമൃഗങ്ങളെ തുരത്താനായി ദ്രുതകര്‍മ്മ സേനയുടെ ഒരു യൂണിറ്റും ഇരിട്ടിയില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലപ്രദമല്ല എന്ന കാര്യമാണ് നിത്യവും ഉണ്ടാകുന്ന കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും ശല്യം തെളിയിക്കുന്നത്. ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിലും പടക്കം പൊട്ടിച്ചും തകരപ്പാട്ടകൊട്ടിയും ഇപ്പോഴും ആനയെ ഓടിക്കുവാന്‍ ശ്രമിക്കുകയാണ് നമ്മുടെ വനപാലകര്‍. ഇതിനെല്ലാം ഇടയിലും ആറോളം കാട്ടാനകള്‍ ഇപ്പോഴും ഫാമിലെ വിവിധ മേഖലകളില്‍ കറങ്ങി നടക്കുകയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.