നിപ്പാ വൈറസ്: ജില്ലയിലും ജാഗ്രതാ നിര്‍ദ്ദേശം

Wednesday 23 May 2018 9:41 pm IST

 

കണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങളെടുക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയതായി യോഗം വിലയിരുത്തി. ജില്ലാ ആശുപത്രിയില്‍ ഡോ.എന്‍.അഭിലാഷ് (9961730233), തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോ.കെ.സി.അനീഷ്(9447804603) എന്നിവരെ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. 

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. എല്ലാ ആശുപത്രികളിലും വ്യക്തിഗത സുരക്ഷക്കായുള്ള ഉപകരണം ലഭ്യമാക്കാനും തീരുമാനിച്ചു. വൈറസ് ബാധ സംശയിക്കുന്ന രോഗികളുടെ രക്തം, തൊണ്ടയിലെ സ്രവം, മൂത്രം എന്നിവ ശേഖരിച്ച് കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെച്ച് ശേഖരിക്കുമെന്നും അവിടെ നിന്നും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

താലൂക്ക് ആശുപത്രി മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ ആരംഭിക്കും. നിപ്പാ വൈറസ് രോഗത്തിന്റെ റഫറല്‍ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ തെരഞ്ഞെടുത്തു. കണ്ണൂരിലെ കൊയിലി ആശ്രുപത്രി, എകെജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി എന്നിവിടങ്ങളില്‍ക്കൂടി ഐസൊലേഷന്‍ വാര്‍ഡ്, ചികിത്സാ സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമന്ന് കലക്ടര്‍ ഐ.എം.എക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നിപ്പാ വൈറസ് രോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎസ്പിയിലേക്ക് അയക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡോ, പ്രത്യേക ഇടമോ ഒരുക്കണം. 

ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന തെറ്റായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോഡല്‍ ഓഫീസര്‍മാരെ അറിയിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തരഘട്ടത്തില്‍ ആവശ്യമായ ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്വകാര്യ ആശുപത്രി അധികൃതരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, ഡിഎഫ്ഒ സുനില്‍ പാമിഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എം.കെ.ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.വി.പി.രാജേഷ്, ഡോ.എന്‍. അഭിലാഷ്, സ്വകാര്യ ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.