കണ്ണൂര്‍ വിമാനത്താവളം കളക്ടറേറ്റ് മൈതാനിയില്‍

Wednesday 23 May 2018 9:42 pm IST

 

കണ്ണൂര്‍: ഉത്തരമലബാറിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കുന്ന കണ്ണൂര്‍ വിമാനത്താവളം എങ്ങനെയായിരിക്കും എന്ന് കണ്ടറിയാന്‍ ആഗ്രഹിക്കുന്നവരാണ് കണ്ണൂര്‍ ജില്ലയിലും പുറത്തുമുള്ള ഓരോരുത്തരും. മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളിലൂടെയല്ലാതെ ഭൂരിഭാഗം പേരും വിമാനത്താവളം കണ്ടിട്ടില്ല. ഇപ്പോഴിതാ, കണ്ണൂര്‍ വിമാനത്താവളത്തെയൊന്നാകെ കളക്ടറേറ്റ് മൈതാനിയില്‍ എത്തിച്ചിരിക്കുകയാണ് കിയാല്‍. നിര്‍ദ്ദിഷ്ട കണ്ണൂര്‍ വിമാനത്താവളം എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന നിശ്ചല മാതൃക, സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന 'പൊന്‍കതിര്‍' മെഗാ എക്‌സിബിഷനിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കിയാലിനു വേണ്ടി കിറ്റ്‌കോ ആണ് വിമാനത്താവളത്തിന്റെ നിശ്ചല മാതൃക ഒരുക്കിയത്.

വിമാനത്താവളത്തിലെ ഇന്റഗ്രേറ്റഡ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടമാണ് നിശ്ചലമാതൃകയിലെ പ്രധാന ആകര്‍ഷണം. കൂടാതെ വിമാനത്താവളത്തിലേക്കു പോകാനും വരാനുമുള്ള റോഡുകള്‍, ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍, ആഗമന-നിര്‍ഗമന ടെര്‍മിനലുകള്‍, വിശാലമായ പൂന്തോട്ടങ്ങള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ തുടങ്ങിയവയും അടുത്തുകാണാം. വിമാനങ്ങളുടെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത 'വിമാന'ങ്ങളും ഇവിടെയുണ്ട്. എല്‍ഇഡി വിളക്കുകളാല്‍ അലങ്കരിച്ചത് വിമാനത്താവളത്തിന്റെ ചെറുമാതൃകയുടെ മാറ്റുകൂട്ടുന്നു. കാണാനെത്തുന്നവര്‍ക്ക് മനസിലാകാത്ത കാര്യങ്ങള്‍ വിശദീകരിക്കാനായി കിയാലിന്റെ ഉദ്യാഗസ്ഥരും ഇവിടെ ഉണ്ട്. 

മട്ടന്നൂരിനടുത്തുള്ള മൂര്‍ഖന്‍ പറമ്പിലാണ് കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകാനൊരുങ്ങുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നിലവില്‍ 95 ശതമാനം ജോലികളും പൂര്‍ത്തിയായ വിമാനത്താവളത്തില്‍ ബാക്കിയുള്ള ജോലികള്‍ക്കൊപ്പം സാങ്കേതിക പരിശോധനകളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. 

ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 97,000 സ്‌ക്വയര്‍ കിലോമീറ്ററാണ്. രാജ്യത്തെ ഏറ്റവും വലിയ എട്ടാമത്തെ ടെര്‍മിനല്‍ കെട്ടിടമാണ് ഇത്. 48 ചെക്ക്-ഇന്‍ കൗണ്ടറുകള്‍, സെല്‍ഫ് ചെക്ക്-ഇന്‍ സൗകര്യം, ആറ് എയ്‌റോ ബ്രിഡ്ജുകള്‍ എന്നിവയും കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉണ്ട്. ഏതുകാലാവസ്ഥയിലും വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറന്നിറങ്ങാനുള്ള ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിംഗ് സിസ്റ്റം കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. 

2,300 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം നിര്‍മ്മിക്കുന്നത് 2,290 കോടി രൂപ ചെലവിലാണ്. നിലവില്‍ 3,050 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ നാലായിരം മീറ്ററായി വര്‍ധിപ്പിക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്കും ഇവിടെ ഇറങ്ങാന്‍ കഴിയും. മാത്രമല്ല, അതോടെ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ റണ്‍വേ എന്ന ബഹുമതിയും കണ്ണൂര്‍ വിമാനത്താവളത്തിന് സ്വന്തമാകും. ഒരേസമയം 20 വിമാനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.