ദല്‍ഹി ആര്‍ച്ച് ബിഷപ്പ് രാഷ്ട്രീയക്കാരനാകരുത്

Thursday 24 May 2018 3:20 am IST

എല്ലാ മത വിശ്വാസങ്ങളോടും ആദരവും ബഹുമാനവും കാണിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയുടേത്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന തത്വം ഉള്‍ക്കൊള്ളുന്നിടത്ത് മതപരമായ വിവേചനമോ വിദ്വേഷമോ ഉത്ഭവിക്കുന്നില്ല. മതനിരപേക്ഷത എന്നത് ഏതെങ്കിലും നേതാവോ ഭരണകൂടമോ സംഭാവന ചെയ്തതല്ല. ഭാരതം ഒരിക്കലും മതാധിഷ്ഠിത രാജ്യമായിരുന്നില്ല. അങ്ങിനെയാക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

അങ്ങനെയുള്ള നാട്ടില്‍ മതം വഴി രാഷ്ട്രത്തേയോ രാഷ്ട്രീയത്തേയോ കീഴ്‌പ്പെടുത്താന്‍ ആരു തന്നെ ശ്രമിച്ചാലും അത് ഉള്‍ക്കൊള്ളാനാവില്ല. ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ അടുത്ത സര്‍ക്കാരിനുവേണ്ടി പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും ഇടയലേഖനം ഇറക്കിയത് ഏറെ വിവാദമായിരിക്കുന്നത് അതുകൊണ്ടാണ്. നിലവിലുള്ള സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നു സൂചിപ്പിച്ചും ബിജെപിയെയും നരേന്ദ്രമോദിയേയും തോല്‍പ്പിക്കണമെന്ന് ആഗ്രഹിച്ചും കൊണ്ടുള്ള ഇടയലേഖനം ആപല്‍സൂചനയാണ് നല്‍കുന്നത്. പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രാര്‍ത്ഥിക്കാനും ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഈ മാസം എട്ടിന് ദല്‍ഹിയിലെ കത്തോലിക്കാ പള്ളികള്‍ക്ക് അയച്ച ഇടയലേഖനം കഴിഞ്ഞ ദിവസമാണ് പരസ്യമായത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ നേതാക്കളുടെയോ പേര് പരാമര്‍ശിക്കുന്നില്ല. പക്ഷെ ലക്ഷ്യം വ്യക്തമാണ്. ''രാജ്യത്ത് പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷമാണ്. ജനാധിപത്യവും മതേതരത്വവും വെല്ലുവിളിക്കപ്പെടുന്നു. രാജ്യത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയെന്നത് നമ്മള്‍ ചെയ്യുന്ന പരിശുദ്ധ കര്‍മ്മമാണ്. പൊതുതെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ ഇത് കൂടുതലായി നടത്തണം. പുതിയ സര്‍ക്കാരുണ്ടാകുന്ന 2019ലേക്കായി മെയ് 13 മുതല്‍ പ്രാര്‍ത്ഥനാ യജ്ഞം തുടങ്ങണം''. 

കത്തിനെതിരെ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ആര്‍ച്ച് ബിഷപ്പ് നടത്തിയ വിശദീകരണവും പ്രശ്‌നമാണ്. ഇത്തരം പ്രാര്‍ത്ഥനകള്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ചെയ്തിട്ടുണ്ടെന്നും ക്രിസ്ത്യന്‍ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇടയലേഖനം തയ്യാറാക്കിയതെന്നും അദ്ദേഹം പറയുന്നു. ഇത്തരം ലേഖനം പുറത്തിറക്കാന്‍ പ്രേരിപ്പിച്ചവരാരൊക്കെ എന്ന് പറയാന്‍ ആര്‍ച്ച് ബിഷപ്പ് തയ്യാറാകേണ്ടിയിരിക്കുന്നു.

ബിജെപി അധികാരത്തിലിരിക്കുമ്പോഴൊക്കെ ഇന്ത്യ ആപത്തിലേയ്‌ക്കെന്നും ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നും പ്രചരിപ്പിക്കുന്നവരുണ്ട്. അതിനുവേണ്ടി സംഭവങ്ങള്‍ സൃഷ്ടിക്കാനും തയ്യാറാകാറുണ്ട്. വാജ്‌പേയി ഭരണകാലത്ത് പള്ളികള്‍ക്ക് നേരെ അക്രമം നടന്നെന്ന പേരില്‍ ഏറെ പ്രതിഷേധങ്ങള്‍ കണ്ടതാണ്. എന്നാല്‍ അത്തരം സംഭവങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്ന് ബോധ്യമായിട്ടുണ്ട്. മതതീവ്രവാദികളും രാഷ്ട്രീയ പ്രതിയോഗികളുമാണ് അതിന്റെയൊക്കെ പിന്നിലെന്ന് തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ടാണ് അന്നത്തെ പണി ഇന്ന് ആവര്‍ത്തിക്കാനാകാത്തത്. ഇന്ന് എല്ലാ ജനങ്ങളെയും സമഭാവനയോടെ വീക്ഷിക്കുന്ന പ്രധാനമന്ത്രിയും ഭരണകൂടവുമാണ് കേന്ദ്രത്തിലുള്ളത്.

'ആരോടുമില്ല പ്രീണനം എല്ലാവര്‍ക്കും തുല്യനീതി' എന്നത് നിഷ്ഠയോടെ പാലിക്കുന്നുമുണ്ട്. മതപരമായ പ്രീണനങ്ങളുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് അത് നഷ്ടപ്പെടുമ്പോള്‍ ആകുലതകളുണ്ടാകും. അത് ഭരണകൂടത്തിന്റെ കുറ്റമല്ല. എന്റെ മതം ഭരണഘടനയാണെന്ന് പ്രഖ്യാപിച്ച നരേന്ദ്രമോദിക്കുനേരെ ദല്‍ഹി ആര്‍ച്ച് ബിഷപ്പ് രാഷ്ട്രീയനേതാവിനെപ്പോലെ പെരുമാറിയതിനെ ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം അപലപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.