കശ്മീരില്‍ സംഭവിക്കുന്നത്

Thursday 24 May 2018 3:25 am IST
തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയായിരുന്നു കശ്മീരി പണ്ഡിറ്റുകള്‍. പാക് പ്രസിഡന്റായിരുന്ന സിയാവുള്‍ ഹക്കിന്റെ മരണവും, സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകവും അന്തരീക്ഷം കലുഷിതമാക്കി. ജിഹാദിന്റെ തുടക്കമായിരുന്നു ഇത്. ഒന്നുകില്‍ താഴ്‌വരയില്‍നിന്ന് പോവുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളുക എന്ന് അഫ്താഫ്, അല്‍സഫ തുടങ്ങിയ പത്രങ്ങള്‍ നിരന്തരം ഭീഷണി മുഴക്കി. ഹിന്ദുപണ്ഡിറ്റുകളെയും സിഖുകാരേയും ആട്ടിയോടിച്ച് കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കുക എന്നതായിരുന്നു ദുഷ്ടലാക്ക്.

കത്വ സംഭവത്തിന്റെ പേരില്‍ കശ്മീരിന് പുറത്ത് വ്യാപകമായ അക്രമസംഭവങ്ങള്‍ നടന്നത് കേരളത്തിലാണ്. ദാരുണമായ ഒരു സംഭവത്തോടുള്ള പ്രതിഷേധമെന്നതിനുപരി മതപരമായ ധ്രുവീകരണത്തിനുള്ള ശ്രമമായിരുന്നു അത്. കേരളം കശ്മീരാക്കുമെന്നാണല്ലോ കുറെക്കാലമായി ഇടക്കിടെ ഉയര്‍ന്നുകേള്‍ക്കാറുള്ള മുദ്രാവാക്യം. ഭൂപരമായി ഏറെ അകലെയാണെങ്കിലും കശ്മീരിലെ സ്ഥിതിഗതികളുമായി കേരളത്തെ കണ്ണിചേര്‍ക്കാനുള്ള പ്രചാരണം ശക്തമാണ്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കെ കശ്മീര്‍ ഭരിക്കുന്നതും ബിജെപി സഖ്യമാണ്. 'ഓപ്പറേഷന്‍ ഓള്‍ഔട്ട്' എന്ന പേരില്‍ സുരക്ഷാസേന ഭീകരവാദികളെ അതിശക്തമായി അടിച്ചമര്‍ത്തുന്നതില്‍ അമര്‍ഷംകൊള്ളുന്നവര്‍തന്നെ, ഭീകരവാദം ശക്തിപ്പെടുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു! ഇതില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്. കശ്മീരില്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്?

പതിവുപോലെ ഈ റംസാന്‍ കാലത്തും ജമ്മുകശ്മീരില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരിക്കുന്നു. പക്ഷെ ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാണ്. ''ആക്രമിച്ചാല്‍ തിരിച്ചടിക്കാനും, നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാനുമുള്ള അവകാശം'' സുരക്ഷാ സേനയ്ക്കുണ്ടായിരിക്കും. അതായത് കേന്ദ്രസര്‍ക്കാരിന്റേത് ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ അല്ല. ഭീകരവാദികള്‍ക്ക് നല്ല രീതിയില്‍ പെരുമാറാനുള്ള അവസരം നല്‍കിയിരിക്കുന്നു എന്നുമാത്രം.

സ്ഥിതിവിശേഷം ഇതാണെങ്കിലും 'വെടിനിര്‍ത്തല്‍' എന്ന് പ്രചരിപ്പിക്കാനാണ് പലര്‍ക്കും ഇഷ്ടം. ഇത് അജ്ഞതകൊണ്ടോ ബോധപൂര്‍വമോ ആവാം. ബോധപൂര്‍വം ചെയ്യുന്നവരുടെ ലക്ഷ്യം ഭീകരരുടെ അക്രമാസക്തമായ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങിയിരിക്കുന്നു എന്നുവരുത്തുകയാണ്. പാക്കിസ്ഥാനെപ്പോലെ വ്യാജ ജനാധിപത്യ രാജ്യത്ത് പൊതുജന സമ്മര്‍ദ്ദത്തിന് പ്രസക്തിയില്ല; ഇന്ത്യയിലേ അത് നടക്കൂ. അപ്പോഴും മോദിയുടേതുപോലുള്ള സര്‍ക്കാരിന് പാക്കിസ്ഥാനില്‍നിന്ന് ഉത്ഭവിക്കുന്ന ഭീകരവാദത്തെ വച്ചുപൊറുപ്പിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് രാഷ്ട്രീയ ആത്മഹത്യയ്ക്ക് തുല്യമായിരിക്കും. 

അപ്പോള്‍ ഒരു ചോദ്യമുയരുന്നു. റംസാനിലെ 'വെടിനിര്‍ത്തല്‍' കാലത്ത് സുരക്ഷാസേനയുടെ റോള്‍ എന്തായിരിക്കും? സംശയിക്കേണ്ടതില്ല. ഭീകരര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരായ എല്ലാവിധ പ്രതിരോധ നടപടികളും തുടരും. 'ഓപ്പറേഷന്‍ ഓള്‍ ഔട്ടി'ലൂടെ നേടിയ മേല്‍ക്കൈ സൈന്യം നഷ്ടപ്പെടുത്തുന്ന പ്രശ്‌നമില്ല. അഞ്ഞൂറിലേറെ ഭീകരരെ കൊന്നൊടുക്കിയ 'ഓപ്പറേഷന്‍ ഓള്‍ഔട്ടി'ലൂടെ കശ്മീരില്‍  ലക്ഷ്‌ക്കറെ തോയ്ബയ്ക്കും അതിന്റെ ദല്ലാളുകള്‍ക്കും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ സേനയ്ക്ക് കഴിഞ്ഞിരുന്നു.

വര്‍ഷംതോറും റംസാന്‍ മാസത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന 'വെടിനിര്‍ത്തല്‍'കൊണ്ട് കശ്മീരില്‍ സമാധാനം സ്ഥാപിക്കാനാവില്ലെന്ന് വ്യക്തം. അങ്ങനെയായിരുന്നെങ്കില്‍ പണ്ടേ അതിന് കഴിയുമായിരുന്നു. സമാധാനത്തിന്  ശ്രമിക്കുന്നവര്‍ ആദ്യം കശ്മീരിലെ ഭീകരവാദത്തിന്റെ കാരണം പഠിക്കണം. പാക്കിസ്ഥാന്‍ ജനിച്ച ദിവസം മുതല്‍ നടക്കുന്നതാണ് കശ്മീരിനെ കവര്‍ന്നെടുക്കാനുള്ള ആ രാജ്യത്തിന്റെ ദുരാഗ്രഹം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ദ്വിരാഷ്ട്രവാദം ന്യായീകരിക്കാന്‍ അവര്‍ക്ക് കശ്മീര്‍ ആവശ്യമുണ്ട്. 1971 വരെ ബലംപ്രയോഗിച്ച് ഇതിന് ശ്രമിച്ചു. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിലെ പരാജയം അവരെ പാഠംപഠിപ്പിച്ചു. ഇന്ത്യയുമായി പരമ്പരാഗത യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് പാക് സൈന്യത്തിന്റെ സമ്പൂര്‍ണ നാശത്തില്‍ കലാശിക്കും. 

രണ്ട് ബദല്‍ മാര്‍ഗങ്ങളാണ് പാക്കിസ്ഥാന്‍ കണ്ടുപിടിച്ചത്. സായുധ ശക്തിയെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ മേധാവിത്വത്തെ വെല്ലുവിളിക്കാന്‍ വളരെ വേഗം ആണവായുധങ്ങള്‍ സമ്പാദിക്കുക. കശ്മീരിലെ പരോക്ഷ യുദ്ധത്തിന് മതത്തിന്റെ നിറം നല്‍കുക. 1979-ല്‍ അഫ്ഗാനിലെ റഷ്യന്‍ അധിനിവേശം പാക്കിസ്ഥാനെ അമേരിക്കയുടെ ഇഷ്ടക്കാരാക്കി. അവര്‍ക്ക് ഫണ്ടും ആയുധങ്ങളും യുദ്ധവിമാനങ്ങളും ലഭിച്ചു. കശ്മീരില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മതത്തെ ഉപയോഗിക്കാനുള്ള മൗനസമ്മതവും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭാഗത്തുനിന്ന് പാക്കിസ്ഥാന് ലഭിച്ചു. സൗദി അറേബ്യയില്‍നിന്ന് ലഭിച്ച പണം ഉപയോഗിച്ച് മൗലവിമാരെ താഴ്‌വരയിലെ മണ്ണിന്റെ മക്കളായ കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരാക്കി.

തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുകയായിരുന്നു കശ്മീരി പണ്ഡിറ്റുകള്‍. പാക് പ്രസിഡന്റായിരുന്ന സിയാവുള്‍ ഹക്കിന്റെ മരണവും, സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകവും അന്തരീക്ഷം കലുഷിതമാക്കി. ജിഹാദിന്റെ തുടക്കമായിരുന്നു ഇത്. ഒന്നുകില്‍ താഴ്‌വരയില്‍നിന്ന് പോവുക, അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളുക എന്ന് അഫ്താഫ്, അല്‍സഫ തുടങ്ങിയ പത്രങ്ങള്‍ നിരന്തരം ഭീഷണി മുഴക്കാന്‍ തുടങ്ങി. ഹിന്ദുപണ്ഡിറ്റുകളെയും സിഖുകാരേയും ആട്ടിയോടിച്ച് കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവല്‍ക്കരിക്കുക എന്നതായിരുന്നു ഇതിന്റെ ദുഷ്ടലാക്ക്.

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ മതം സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുകയായിരുന്നു. കശ്മീരികള്‍ എല്ലാവരും ഇസ്ലാമിക രീതിയില്‍ വസ്ത്രം ധരിക്കണമെന്നും, വീഡിയോ പാര്‍ലറുകളും  സിനിമകളും നിരോധിക്കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി. പാക്കിസ്ഥാന്റെ സ്റ്റാന്‍ഡേര്‍ഡ് സമയ പ്രകാരം വാച്ചുകളും ക്ലോക്കുകളും ക്രമീകരിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. ''എന്താണ് നമ്മള്‍ ആഗ്രഹിക്കുന്നത്? ശരിയായ ഭരണം'' എന്നും, ''പാക്കിസ്ഥാനൊപ്പം ഹിന്ദു വനിതകളും നമുക്ക് വേണം; അവരുടെ ഭര്‍ത്താക്കന്മാരില്ലാതെ'' എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങാന്‍ തുടങ്ങി. അധികം വൈകാതെ പണ്ഡിറ്റുകള്‍ക്കും സിഖുകാര്‍ക്കും താഴ്‌വരയില്‍നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ വന്നു.

പാക്കിസ്ഥാന്‍ പാകിയ വിത്ത് കശ്മീരില്‍ വലിയൊരു മരമായി വളര്‍ന്നിരിക്കുന്നു. ഏറ്റുമുട്ടല്‍ പ്രദേശങ്ങളിലേക്ക് എത്താന്‍ മസ്ജിദുകളിലെ ഉച്ചഭാഷിണിയിലൂടെ കല്ലേറുകാരെ ആഹ്വാനം ചെയ്യുന്നു. സുരക്ഷാ സേന വളഞ്ഞിരിക്കുന്ന മുജാഹിദ്ദീന്‍ ഭീകരരെ സഹായിക്കാന്‍ നാട്ടുകാരെ, പ്രത്യേകിച്ച് യുവാക്കളെ പ്രേരിപ്പിക്കുന്നു. കശ്മീരിനെ സംബന്ധിക്കുന്ന കഠോര യാഥാര്‍ത്ഥ്യങ്ങളാണിത്. വെടിനിര്‍ത്തലിന്റെ പേരില്‍ ഇവയോട് ഏതെങ്കിലും തരത്തിലുള്ള മൃദുസമീപനം പുലര്‍ത്തുന്നത് ആത്മഹത്യാപരമായിരിക്കും. ആ സത്യം മോദി സര്‍ക്കാരിനെ ആരും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ.

സമാധാനത്തെക്കുറിച്ചുള്ള പൊള്ളയായ വര്‍ത്തമാനങ്ങള്‍ കശ്മീരില്‍ പ്രായോഗികമല്ല. കശ്മീരില്‍ പണ്ടേ സമാധാനം സ്ഥാപിക്കാമായിരുന്നു എന്ന മിഥ്യാധാരണയും ഗുണം ചെയ്യില്ല. 'ആസാദി'യുടെ തണലില്‍ കശ്മിരില്‍ നടമാടുന്നത് മതഭീകരവാദമാണ്. ജിഹാദി ചിന്ത യുവാക്കളില്‍ യുക്തിഹീനമായ മനഃസ്ഥിതി വളര്‍ത്തിയെടുത്തിരിക്കുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ബുര്‍ഹാന്‍ വാനിയെപ്പോലുള്ളവര്‍ക്ക് വീരപരിവേഷം നല്‍കുന്നതും, ഭീകരരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നതും മറ്റും ഇതിന് തെളിവാണ്. 

താഴെത്തട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തമാക്കി ജനങ്ങളെ ഒപ്പം നിര്‍ത്തുകയും, ഭീകരവാദികളെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയും ചെയ്യുമ്പോഴല്ലാതെ കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടില്ല.

മുരളി പാറപ്പുറം 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.