പ്രതിരോധിക്കാൻ മരുന്നെത്തി; ഉറപ്പില്ല

Thursday 24 May 2018 3:30 am IST

കോഴിക്കോട്:  നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള മരുന്ന് 'റിബാവൈറിന്‍' മലേഷ്യയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പതിനായിരം ഗുളികകളാണ് എത്തിച്ചത്. നിപയെ നേരിടാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്ന റിബാവൈറിന്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമേ രോഗികള്‍ക്ക് നല്‍കൂ. മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠനത്തിനു വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വൈറസിനെ പ്രതിരോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്‍.

ഒരു കോഴ്‌സില്‍ 250 ഗുളികളോളം ഒരു രോഗിക്ക് നല്‍കേണ്ടിവരും. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ നോക്കിയേ ഈ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കൂ. വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെ എങ്ങനെ ബാധിക്കും, മറ്റ് മരുന്നുകള്‍ ഇതുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ മരുന്ന് നല്‍കാനാകൂ. മാത്രമല്ല, മലേഷ്യയില്‍ കണ്ടെത്തിയ വൈറസിന്റെ ഡിഎന്‍എയുമായി ഇവിടെ കണ്ടെത്തിയ വൈറസിന് സാമ്യമുണ്ടോ എന്നകാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. 

വൈറസിനെ ചെറുക്കാന്‍ കഴിയുന്ന മരുന്ന് എന്ന നിലയില്‍ മാത്രമാണ് റിബാവൈറിനെ കണക്കാക്കുന്നത്. തളര്‍ച്ച, തലവേദന, പേശി വേദന തുടങ്ങിയവയൊക്കെ ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്നും സൂചനയുണ്ട്. 1986 മുതലാണ് ഈ മരുന്ന് ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയത്. ഹെപ്പറ്റൈറ്റിസ് സി നിയന്ത്രിക്കാനുള്ള പ്രതിരോധ മരുന്നായി ഇത് ഉപയോഗിച്ചിരുന്നു.

റിബാവൈറിൻ രോഗതീവ്രത കുറയ്ക്കും

ആലപ്പുഴ: നിപ വൈറസിനെതിരെ ആന്റിവൈറല്‍ മരുന്നായി റിബാവൈറിന്‍ ഉപയോഗിക്കാമെന്ന് കൊല്ലം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വകുപ്പു മേധാവി ഡോ.ബി. പത്മകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. വൈറല്‍ പനി, മഞ്ഞപ്പിത്തം, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്കെതിരെയാണ് റിബാവൈറിന്‍ ഉപയോഗിക്കുന്നത്. നിപയ്‌ക്കെതിരെ ഈ മരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് പറയാനാകില്ല. 

മലേഷ്യയിലും സിംഗപ്പൂരിലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് റിബാവൈറിന്‍ രോഗ കാഠിന്യവും തീവ്രതയും കുറയ്ക്കുമെന്നാണ്. അതുകൊണ്ടാണ് പൂര്‍ണഫലപ്രദമല്ലെങ്കില്‍പോലും ഈ മരുന്നുപയോഗിക്കാന്‍ തീരുമാനിച്ചത്.  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.