നിപ വൈറസ് ബാധ; മരണം 14

Thursday 24 May 2018 3:34 am IST

കോഴിക്കോട്: ഇതുവരെ പനി ബാധിച്ച് മരിച്ച 14 പേരില്‍ 10 പേരുടെയും മരണം നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ആദ്യം മരിച്ച സാബിത്തിന്റെയും പിന്നീട് മലപ്പുറത്ത് മരിച്ച മൂന്ന് പേരുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാലാണ് നിപയാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്തത്. നിപ വൈറസ് സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിരീക്ഷണത്തിലുള്ള മലപ്പുറം പാലാഴി സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് കുട്ടികളുടെ ആശുപത്രിയില്‍ രണ്ട് വയസുകാരി ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് രോഗലക്ഷണം ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 16 പേര്‍ അതീവ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് ജില്ലയില്‍ എട്ട്, മലപ്പുറത്ത് ഏഴ്, വയനാട് ഒരാള്‍ വീതവുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞവര്‍ക്ക് വൈറസ് ബാധയേറ്റത് കോഴിക്കോട് നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം നിപ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇവര്‍ക്കു പുറമേ ഇന്നലെ വൈകിട്ടോടെ കോഴിക്കോട് കൂത്താളിയിലെ രണ്ട് വയസ്സുകാരി, കല്ലായിലെ ഒമ്പത് വയസ്സുള്ള കുട്ടി എന്നിവര്‍ രോഗലക്ഷണങ്ങളോടെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ എത്തി. ഇവരെ മെഡിക്കല്‍ കോ ളേജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും 160 പേരുടെ രക്തസാമ്പിളുകള്‍ ഇതിനോടകം മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം വന്ന 23ല്‍ 13 ലും നിപയാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് മൂന്ന് പേര്‍ മാത്രമാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധമുള്ളവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്. 42 ദിവസം വരെ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

രോഗം ബാധിച്ചവര്‍ക്ക് നല്‍കാനായി ഇന്നലെ മലേഷ്യയില്‍ നിന്നും 10,000 റിബാവൈറിന്‍ ഗുളികകള്‍ എത്തിച്ചു. ഗുളികകള്‍ രോഗം ബാധിച്ചവര്‍ക്ക് നല്‍കുന്നതിനെ സംബന്ധിച്ച് രാത്രി വൈകിയും എയിംസില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം യോഗം ചേരുകയാണ്. ചികിത്സാ പ്രോട്ടോകോള്‍ സംബന്ധിച്ചും വിശകലനം നടക്കുന്നുണ്ട്. രോഗബാധയേറ്റ മൃതദേഹങ്ങള്‍ മറവ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ചും യോഗത്തില്‍ തീരുമാനിക്കും. ഇന്ന് രാവിലെ മുതല്‍ റിബാവൈറിന്‍ നല്‍കാനാകും എന്നാണ് വിവരം. കോട്ടയത്തും കണ്ണൂരും മംഗലാപുരത്തും രോഗലക്ഷണമുണ്ടെന്ന സംശയത്തില്‍ ഏതാനും പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍ രോഗം വന്നവരുമായി നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമായതിനാല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം തിരിച്ചയച്ചിട്ടുണ്ട്. പൂനെയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമുള്ള മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.