തൂത്തുക്കുടി വെടിവെപ്പ്; കേന്ദ്രം റിപ്പോർട്ട് തേടി

Thursday 24 May 2018 3:40 am IST

തൂത്തുക്കുടി: വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ കമ്പനിക്കെതിരെ സമരം ചെയ്തവരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വിപുലീകരിക്കുന്നതിനെതിരെ സമരം നടത്തിയവര്‍ക്കു േനരെ ചൊവ്വാഴ്ചയാണ് വെടിവെപ്പു നടന്നത്. 11 പേരാണ് കൊല്ലപ്പെട്ടത്.  

അതിനിടെ തൂത്തുക്കുടിയിലെ പ്ലാന്റ് വിപുലീകരിക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്‌റ്റേ ചെയ്തു.  വിപുലീകരണത്തിനു മുന്‍പ് ജനാഭിപ്രായം തേടാനും കോടതി ഉത്തരവിട്ടു. നിലവില്‍ പ്രതിവര്‍ഷം 4,00,000 ടണ്‍ ചെമ്പാണ് ഇവിടെ ഉരുക്കുന്നത്. സംഭവത്തില്‍  തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശനാണ് ഏകാംഗ കമ്മീഷന്‍.

11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെതിരായ പ്രതിഷേധം തമിഴ്‌നാട്ടില്‍ പലയിടത്തും അക്രമാസക്തമായി. പോലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. അണ്ണാനഗറില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. കാളിയപ്പനാ (22)ണ് മരിച്ചത്.

പ്രതിഷേധക്കാര്‍ ഇന്നലെ രണ്ടു വാഹനങ്ങള്‍ കൂടി കത്തിച്ചു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രിക്കു മുന്‍പില്‍ പ്രതിഷേധം അഴിച്ചുവിട്ടവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.