പാക് വെടിവെപ്പിൽ അഞ്ചു മരണം

Thursday 24 May 2018 3:42 am IST

ശ്രീനഗര്‍: സകല കരാറുകളും ലംഘിച്ച്് അതിര്‍ത്തിയില്‍ രൂക്ഷമായ പാക് വെടിവെപ്പ്. അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണ് ജമ്മു കശ്മീരിലെ ജമ്മു, കാത്വ, സാംബ ജില്ലകളില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളിലേക്ക് പാക് സൈന്യം മോര്‍ട്ടാറുകളും ഷെല്ലുകളും വര്‍ഷിച്ചത്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഒരു പ്രകോപനവുമില്ലാതെയുള്ള പാക് വെടിവെപ്പ്. ഇന്ത്യയുടെ തിരിച്ചടിയില്‍ നിരവധി പാക് സൈനിക ക്യാമ്പുകള്‍ തകര്‍ന്നു. ഈ മാസം 15ന് തുടങ്ങിയ പാക് ആക്രമണം 195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ഉടനീളം തുടരുകയാണ്. 11 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്.

സാംബയില്‍ രാവിലെ ഒന്‍പതിനായിരുന്നു പാക് വെടിവെപ്പ്. കുട്ടിയടക്കം രണ്ടു പേരാണ് മരിച്ചത്, ആറു പേര്‍ക്ക് പരിക്കേറ്റു. കാത്വയില്‍ ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹീറാനഗറിലും ആര്‍എസ് പുരയിലും ഓരോരുത്തരാണ് മരിച്ചത്. അതിര്‍ത്തിക്കടുത്തുള്ളവരെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആര്‍എസ്പുര, ആര്‍ണിയ, ബിഷ്‌നാ, രാംഗഡ് തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞ രാത്രി തുടങ്ങിയ ഷെല്ലാക്രമണം ഇന്നലെ രാവിലെ വരെ നീണ്ടു. കഴിഞ്ഞ ദിവസം 20 ഗ്രാമീണര്‍ക്കാണ് പാക് വെടിവെപ്പില്‍ പരിക്കേറ്റത്.

പാക് ആക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ച ആര്‍ണിയ നഗരം ഇപ്പോള്‍ ഏറെക്കുറെ വിജനമായി. ജനങ്ങള്‍ വീടുകള്‍ വിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. സര്‍ക്കാര്‍ ക്യാമ്പുകളിലോ ബന്ധുവീടുകളിലോ ആണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്. സ്‌കൂളുകളും മറ്റും പൂട്ടിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.