ഫോൺ ടെയ്ൻ മാജിക്

Thursday 24 May 2018 3:45 am IST

ലോകകപ്പ് ഫുട്‌ബോളില്‍  ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്  ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയാണ്. എന്നാല്‍ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ് ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്‍ടെയ്‌നിന്റെ പേരിലാണ്.  ആറ് കളികളില്‍ നിന്ന് ഫോണ്‍ടെയ്ന്‍ അടിച്ചുകൂട്ടിയത് 13 ഗോളുകള്‍. രണ്ട് ഹാട്രിക്കുകളും ഇൗ മാന്ത്രിക പ്രകടനത്തിന് അകമ്പടിയായി. 1958ലെ സ്വീഡന്‍ ലോകകപ്പിലായിരുന്നു ഫോണ്‍ടെയ്‌ന്റെ മാന്ത്രിക പ്രകടനം. 

ഹംഗറിയുടെ സാന്‍ഡര്‍ കോസിസിന് ശേഷം ഒരു ലോകകപ്പില്‍ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരമായി  ഫോണ്‍ടെയ്ന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പരാഗ്വെക്കെതിരെ മൂന്നെണ്ണം അടിച്ചപ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജര്‍മ്മനിക്കെതിരെ നാലെണ്ണവും ഫോണ്‍ടെയ്ന്‍ അടിച്ചുകൂട്ടി. ഫോണ്‍ടെയ്‌നുശേഷം ഒരു ലോകകപ്പില്‍ രണ്ട് ഹാട്രിക്ക് അടിച്ചത് ഒരു കളിക്കാരന്‍ മാത്രമാണ്. 1970ലെ മെക്‌സിക്കോ ലോകകപ്പില്‍ ജര്‍മ്മനിയുടെ വിഖ്യാത സ്‌ട്രൈക്കര്‍ ജെര്‍ഡ് മുള്ളര്‍.

20-ാം വയസ്സിലാണ് ഫോണ്‍ടെയ്ന്‍ ഫ്രഞ്ച് ടീമില്‍ ആദ്യമായി ഇടംപിടിക്കുന്നത്.  ദേശീയ ജേഴ്‌സിയില്‍ കളിച്ചത് 21 കളികള്‍. എന്നാല്‍ അടിച്ചുകൂട്ടിയ ഗോളുകളാകട്ടെ 30 എണ്ണവും. 1954ലെ ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തിലായിരുന്നു ഫോണ്‍ടെയ്‌ന്റെ അരങ്ങേറ്റം. പാരീസിലെ പാര്‍ക്ക് ഡി പ്രിന്‍സസില്‍ ലക്‌സംബര്‍ഗിനെതിരെ നടന്ന യോഗ്യതാ മത്സരത്തില്‍ ഹാട്രിക്ക് നേടി. ഈ മികവില്‍ മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് വിജയം കണ്ടത്. എന്നിട്ടും 1954ലെ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിനുള്ള ടീമില്‍ ജസ്റ്റ് ഫോണ്‍ടെയ്ന്‍ ഇടംപിടിച്ചില്ല.

 1958ലെ ലോകകപ്പില്‍   ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് പരാഗ്വെയെ 7-3ന് തകര്‍ത്തപ്പോള്‍ ഫോണ്‍ടെയ്ന്‍ ആദ്യ ഹാട്രിക്കിന് ഉടമയായി. രണ്ടാം മത്സരത്തില്‍ യൂഗ്ലോസ്ലാവ്യക്കെതിരെ രണ്ട്, മൂന്നാം കളിയില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഒന്ന്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ മൂന്ന് കൡകളില്‍ നിന്ന് ആറ് ഗോളുകള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ഗോളുകള്‍. സെമിയില്‍ ബ്രസീലിനോട് 5-2ന് തോറ്റെങ്കിലും ഒരു ഗോള്‍ ഫോണ്‍ടെയ്‌ന്റെ വക. പിന്നീട് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ പശ്ചിമ ജര്‍മ്മനിയുടെ വലയില്‍ നാലെണ്ണം കൂടി നിക്ഷേപിച്ചതോടെ ഫോണ്‍ടെയ്‌ന്റെ ഗോള്‍നേട്ടം 13-ല്‍ എത്തി.  ഈ പ്രകടനം ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടും ഫോണ്‍ടെയ്‌ന് നേടിക്കൊടുത്തു.

ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍ നേട്ടക്കാരനായ മിറോസ്ലാവ് ക്ലോസെ നാല് ലോക കപ്പുകളില്‍ നിന്നാണ് 16 ഗോളുകള്‍ നേടിയത്. രണ്ടാം സ്ഥാനത്തുളള  ബ്രസീലിന്റെ റൊണാള്‍ഡോ അടിച്ച 15 ഗോളുകള്‍ മൂന്ന് ലോകകപ്പുകളില്‍ നിന്ന്.  മൂന്നാമതുള്ള ജര്‍മ്മനിയുടെ ജെര്‍ഡ് മുള്ളര്‍ രണ്ട് ലോകകപ്പുകളില്‍ നിന്നാണ് 14 ഗോളുകള്‍ അടിച്ചുകൂട്ടിയത്.

 നിരവധി പുരസ്‌കാരങ്ങള്‍  താരത്തെ തേടിയിയെത്തിയിട്ടുണ്ട്. ഗോള്‍ഡന്‍ ബൂട്ടിന് പുറമെ 1958ലെ ഫിഫ വേള്‍ഡ് കപ്പ് ആള്‍ സ്റ്റാര്‍ ടീമില്‍ ഇടം നേടി. ആ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മൂന്നാം സ്ഥാനത്തെത്തി. കൂടാതെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ കിരീടങ്ങളും ഫോണ്‍ടെയ്‌ന് സ്വന്തമാണ്. 2004-ല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ 125 ജീവിച്ചിരിക്കുന്ന ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പട്ടികയിലും ഫോണ്‍ടെയ്ന്‍ ഇടം നേടി.

വിനോദ് ദാമോദരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.