റഷ്യയിലേക്ക് റൊമേറോ ഇല്ല; അര്‍ജന്റീനയ്ക്ക് തിരിച്ചടി

Thursday 24 May 2018 3:50 am IST

ബ്യൂണസ് അയേഴ്‌സ്: റഷ്യയിലെ ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. അവരുടെ ഒന്നാം നമ്പര്‍ ഗോളി സെര്‍ജിയോ റൊമേറോ ലോകകപ്പില്‍ കളിക്കില്ല. കാലിലെ പരിക്കിനെ തുടര്‍ന്നാണ് പിന്മാറ്റം.ബ്യൂണസ് അയേഴ്‌സില്‍ നടക്കുന്ന ടീമിന്റെ പിരിശീലനത്തിനിടയ്ക്കാണ് റൊമേറോയുടെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്. ലോകകപ്പിനുളള 23 അംഗ ടീമില്‍ നിന്ന് റൊമേറോയെ ഒഴിവാക്കുമെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൊമേറിയോ അര്‍ജന്റീനയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ കീപ്പറുടെ കുപ്പായമണിഞ്ഞ കളിക്കാരനാണ്. 83 മത്സരങ്ങളില്‍ രാജ്യത്തിന്റെ ഗോള്‍വലയം കാത്തു. 2010, 2014 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. മൂന്ന് തവണ കോപ്പ അമേരിക്കയില്‍ കളിച്ചു. 2008 ലെ ബീജിങ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അര്‍ജന്റീനിയന്‍ ടീമില്‍ അംഗമായിരുന്നു.

2014 ലെ ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കളിക്കാരനാണ്. ഹോളണ്ടിനെതിരായ സെമിയിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൊമേറോയുടെ സേവിങ്ങുകളാണ് അര്‍ജന്റീനയെ ഫൈനലിലേക്ക് കടത്തിവിട്ടത്. ഫൈനലില്‍ അര്‍ജന്റീന ജര്‍മനിയോട് ഒരു ഗോളിന് തോറ്റു. റൊമേറോയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും. ചെല്‍സിയുടെ വില്ലി കബല്ലെറോയോ റിവര്‍ പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനോയോ റൊമേറോയുടെ പകരക്കാരനാകുമെന്നാണ് സൂചന.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന റഷ്യയിലെ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുക. ഐസ്‌ലന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജൂണ്‍ 16 ന് ഐസ്‌ലന്‍ഡിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.