പ്രാര്‍ത്ഥനകള്‍ സഫലം; നെയ്മര്‍ കളിക്കളത്തില്‍

Thursday 24 May 2018 3:55 am IST

റിയോ ഡി ജനീറോ: ലോകത്തിലെ പതിനായിരക്കണക്കിന് വരുന്ന നെയ്മറുടെ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. അവരുടെ പ്രാര്‍ഥനകള്‍ സഫലമായി. ലോകകപ്പില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബൂട്ടുകെട്ടുമെന്നുറപ്പായി. കാലിലെ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തി നേടിയ നെയ്മര്‍ ബ്രസീല്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു.

പാരീസ് സെന്റ് ജര്‍മന്‍സ് (പിഎസ്ജി) താരമായ നെയ്മര്‍ ഫെബ്രുവരിയില്‍ മാഴ്‌സെക്കെതിരായ മത്സരത്തില്‍ പരിക്കേറ്റു പുറത്തായതിനുശേഷം ഇതുവരെ കളിക്കളത്തിലിറങ്ങിയിട്ടില്ല.ബ്രസീലിലെ ബെലോ ഹോറിസോണ്ടിയിലെ ആശുപത്രിയില്‍ മാര്‍ച്ച് 3 ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ അവസാന മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നത്. ടെറസ്‌പോളിസ് പരിശീലന കേന്ദ്രത്തില്‍ കായിക പരിശീലനത്തിനു ശേഷം നെയ്മര്‍ ഒരു മണിക്കൂര്‍ പന്ത് തട്ടി. വരും നാളുകളില്‍ നെയ്മര്‍ കൂടുതല്‍ സമയം പരിശീലനത്തിലേര്‍പ്പെടും.

ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ മത്സരത്തിന് മുമ്പ് നെയ്മര്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. ജൂണ്‍ 17 ന് സ്വിറ്റ്‌സര്‍ലന്‍ഡുമായാണ് ബ്രസീലിന്റെ ആദ്യ മത്സരം.

ലോകകപ്പിന് മുമ്പ് ബ്രസീല്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ജൂണ്‍ മൂന്നിന് ക്രൊയേഷ്യയേയും പത്തിന് ഓസ്‌ട്രേലിയയേയും നേരിടും. ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ 28 ഗോളുകള്‍ നേടി. പതിനാറ് ഗോളുകള്‍ അടിക്കാന്‍ സഹതാരങ്ങളെ സഹായിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.