കേരളത്തിന് വേണ്ടി ചെങ്ങന്നൂരില്‍ എന്‍ഡിഎ ജയിക്കണം

Thursday 24 May 2018 3:33 pm IST

ചെങ്ങന്നൂര്‍: ''കേരളത്തിനുവേണ്ടി ചെങ്ങന്നൂരില്‍ ജയിക്കണം. ഇത് എന്‍ഡിഎയ്ക്ക് വേണ്ടി മാത്രമുള്ള അഭ്യര്‍ത്ഥനയല്ല, ഈ നാടിന് വേണ്ടിയാണ്. ദളിത് വിരുദ്ധമാണ്, ജനവിരുദ്ധമാണ് വിജയന്റെ സര്‍ക്കാര്‍. വരാപ്പുഴയില്‍ പോലീസ് തച്ചുകൊന്ന ശ്രീജിത്തിന്റെ വീട്ടില്‍ രാവിലെ പോയി. നാളിതുവരെ മുഖ്യമന്ത്രി വിജയന്‍ അവിടെ സന്ദര്‍ശിച്ചിട്ടില്ല. വിജയന്റെ പാര്‍ട്ടി എല്ലായിടത്തും ഇങ്ങനെയാണ്. എന്റെ നാട്ടില്‍ മണിക് സര്‍ക്കാരിന്റെ മണ്ഡലത്തില്‍ ഒരു വനവാസി പെണ്‍കുട്ടി ക്രൂരമായി ബലാല്‍ക്കാരം ചെയ്തു കൊല്ലപ്പെട്ടു.

മണിക് സര്‍ക്കാര്‍ അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അഹന്തയുടെ ഭരണത്തെ പിഴുതെറിയണം. ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയ്ക്ക് കഴിയുമെങ്കില്‍ 16 ശതമാനം വോട്ടുള്ള കേരളത്തില്‍ മാര്‍ക്സിസ്റ്റ് ഭരണത്തെ കടലിലേക്ക് വലിച്ചെറിയാന്‍ എന്‍ഡിഎയ്ക്ക് സാധിക്കും'', ബിപ്ലവ് ദേബിന്റെ വാക്കുകളില്‍ ചരിത്രവിപ്ലവം തീര്‍ത്ത വീരനായകന്റെ ഉശിര്. ചെങ്ങന്നൂരില്‍ ക്ഷണിക്കപ്പെട്ട സദസിനുമുന്നിലാണ് ത്രിപുര മുഖ്യമന്ത്രി ആത്മവിശ്വാസം തുടിക്കുന്ന ഭാഷയില്‍ സംസാരിച്ചത്.

''ഭായ് ഞാന്‍ ഒരു സാധാരണപ്രവര്‍ത്തകനാണ്. കാര്യമായ രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരാള്‍. എന്നാല്‍ ഞാന്‍ ഒന്ന് ഉറപ്പിച്ച് പറയുന്നു. മാര്‍ക്സിസത്തിന്റെ വിത്ത് ഇനി ത്രിപുരയുടെ മണ്ണില്‍ മുളയ്ക്കില്ല. മണ്ണ് തന്നെ മാറിയിരിക്കുന്നു ഭായ്. ഞാന്‍ സംസാരിക്കുന്നത് വിവര്‍ത്തനം ഇല്ലാതെ നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. കാരണം ഇത് ഹൃദയത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അല്ലാതെ ബുദ്ധിയുടെ സൂത്രവിദ്യയുപയോഗിച്ചല്ല. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ വിജയനാകുമായിരുന്നില്ലേ'', ജനങ്ങളുടെ ഹൃദയാകാശം തൊട്ട് ബിപ്ലവിന്റെ വാക്കുകള്‍.

എന്ത് തരം രാഷ്ട്രീയമാണ് ഇവിടെ എല്‍ഡിഎഫും കോണ്‍ഗ്രസും പയറ്റുന്നത്. ബംഗളുരുവില്‍ ഒരുമിച്ച് ഒരുവേദിയില്‍ പങ്കെടുക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് കേരളത്തിലെത്തി പരസ്പരം കുറ്റപ്പെടുത്തുക. അരമണിക്കൂറിന്റെ ഇടവേളയില്‍ മാറുന്ന ഈ രാഷ്ട്രീയം എവിടെ നിലനില്‍ക്കാനാണ്. ചെങ്ങന്നൂരിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഒരു വാഹനത്തില്‍ യാത്ര ചെയ്ത്, ഒരുമിച്ച് വോട്ട് പിടിക്കുന്നതാണ് നല്ലതെന്ന് ത്രിപുര മുഖ്യമന്ത്രി പരിഹസിച്ചു. 

പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സ്ഥാനാര്‍ത്ഥി അഡ്വ:പി.എസ്. ശ്രീധരന്‍പിള്ള, എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, ജനറല്‍ കണ്‍വീനര്‍ എം.വി. ഗോപകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.