ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല: ജസ്റ്റിസ് കെമാല്‍ പാഷ

Thursday 24 May 2018 5:15 pm IST
ജഡ്ജിമാരെ നിയമിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. അഭിഭാഷകരില്‍ നിന്ന് ചിലരെ ജഡ്ജി പദവിയിലേക്ക് നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത വിവരം മാധ്യമങ്ങളില്‍ കണ്ടിരുന്നു. മാധ്യമങ്ങള്‍ പറയുന്ന പേരുകള്‍ ശരിയാണെങ്കില്‍ ഇവരില്‍ പലരുടെയും മുഖം കാണാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല.

കൊച്ചി : ജഡ്ജിമാരുടെ നിയമനം ആര്‍ക്കെങ്കിലും വീതം വെച്ചെടുക്കാനുള്ള കുടുംബ സ്വത്തല്ലെന്നു ജസ്റ്റിസ് ബി.കെമാല്‍പാഷ . ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്ന കെമാല്‍ പാഷയുടെ യാത്രയയപ്പിന്റെ ഭാഗമായി ഇന്നലെ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ജഡ്ജിമാരെ നിയമിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. അഭിഭാഷകരില്‍ നിന്ന് ചിലരെ ജഡ്ജി പദവിയിലേക്ക് നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത വിവരം മാധ്യമങ്ങളില്‍ കണ്ടിരുന്നു. മാധ്യമങ്ങള്‍ പറയുന്ന പേരുകള്‍ ശരിയാണെങ്കില്‍ ഇവരില്‍ പലരുടെയും മുഖം കാണാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഇതു ഉചിതമാണോയെന്ന് ചിന്തിക്കണ്ടിയിരിക്കുന്നു. യോഗ്യതയുള്ളവര്‍ ധാരാളം പേര്‍ അഭിഭാഷകര്‍ക്കിടയിലുണ്ട്. എന്നാല്‍ യോഗ്യതയില്ലാത്തവരെ ജഡ്ജി നിയമനത്തിന് ശുപാര്‍ശ ചെയ്യുന്നത് ഈ സംവിധാനത്തിനു നേരെ വിരല്‍ചൂണ്ടാനിടയാക്കും. ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളീജിയം നിര്‍ദ്ദേശിച്ചിരിക്കുന്ന പട്ടികയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയിലെ ഭൂരിപക്ഷം കേസുകളിലും സര്‍ക്കാര്‍ കക്ഷിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ജഡ്ജി വിരമിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് ജോലി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്രിയമുണ്ടാക്കുന്നതൊന്നും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ല, പ്രത്യേകിച്ച് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വര്‍ഷം. വിരമിച്ചശേഷം ജോലി തരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ജഡ്ജിമാര്‍ സര്‍ക്കാരിന്റെ അതൃപ്തി വിളിച്ചു വരുത്താന്‍ തുനിയില്ലെന്ന് പരാതിയുണ്ട്. ജഡ്ജിമാര്‍ വിരമിച്ച ശേഷം മൂന്നു വര്‍ഷമെങ്കിലും ഇത്തരം തൊഴില്‍ സ്വീകരിക്കരുതെന്ന്  ജസ്റ്റിസ് എസ്.എച്ച.് കപാഡിയ, ജസ്റ്റിസ്  ടി.എസ് താക്കൂര്‍ എന്നിവര്‍ പറഞ്ഞിട്ടുണ്ട്. കീഴ്‌ക്കോടതികളിലെ ജുഡിഷ്യല്‍ ഓഫീസര്‍മാര്‍ ആവലാതികളുമായി സമീപിക്കുമ്പോള്‍ ഹൈക്കോടതി ജഡ്ജിമാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. താന്‍ വിരമിക്കുന്നത് തല ഉയര്‍ത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാന്‍ പറ്റിയെന്നാണ് വിശ്വാസം. സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞെന്നും വിധിന്യായങ്ങള്‍ സ്വാധീനിക്കാന്‍ ജുഡീഷ്യറിക്ക് പുറത്തു ശക്തികള്‍ ഉണ്ടെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.  

ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉള്‍പ്പെടെയുള്ള ജഡ്ജിമാരും എജി, അഡീഷണല്‍ എജി തുടങ്ങിയവരും ഹൈക്കോടതി ജീവനക്കാരും അഭിഭാഷകരും പങ്കെടുത്തു.

ജഡ്ജിമാരെ, ജഡ്ജിമാര്‍ ഉള്‍പ്പെട്ട കൊളീജിയം തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും അതിന് ജുഡീഷ്യല്‍ കമ്മീഷന്‍ വേണമെന്നുമുള്ള നിലപാടാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേത്.കെമാല്‍ പാഷയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര നിലപാട് ശ്രദ്ധേയമാണ് . ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാരെ തെരഞ്ഞെടുക്കാനുള്ള ശുപാര്‍ശപ്പട്ടികയില്‍ സിപിഎം നോമിനികളെയും ജഡ്ജിമാരുടെ ബന്ധുക്കളെയും അവര്‍ക്ക് വേണ്ടപ്പെട്ടവരെയും കുത്തിനിറച്ചിരിക്കുകയാണെന്ന് മാര്‍ച്ച് 17ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.