സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: എക്‌സിബിഷന്‍ ഇന്ന് സമാപിക്കും

Thursday 24 May 2018 9:24 pm IST

 

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് കലക്ടറേറ്റ് മൈതാനിയില്‍ സംഘടിപ്പിച്ച പൊന്‍കതിര്‍ മെഗാ എക്‌സിബിഷന് ഇന്ന് സമാപനം. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിവിധ വകുപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പദ്ധതികളും സേവനങ്ങളും ഉല്‍പ്പന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെ മെയ് 18നാണ് മേള ആരംഭിച്ചത്.

മികച്ച സ്റ്റാളുകള്‍ക്ക് സംഘാടകസമിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പോലിസ് വകുപ്പും ഇലക്‌ട്രോണിക്‌സ്& ഐടി വകുപ്പും അര്‍ഹമായി. കണ്ണൂര്‍ ഗവ. ഐടിഐ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സ്റ്റാളുകള്‍ രണ്ടാം സ്ഥാനം നേടി. സര്‍ക്കാറിതര വകുപ്പുകളില്‍ കുടുംബശ്രീ, റെയിഡ്‌കോ കണ്ണൂര്‍, കരകൗശല വികസന കോര്‍പറേഷന്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.ടി.അബ്ദുല്‍ മജീദ്, മാധ്യമപ്രവര്‍ത്തകന്‍ ദിനകരന്‍ കൊമ്പിലാത്ത് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌ക്കാരാര്‍ഹരെ തെരഞ്ഞെടുത്തത്.

സ്റ്റാള്‍ അവാര്‍ഡുകളും ഹരിതകേരളം പുരസ്‌ക്കാരങ്ങളും ഇന്ന് വൈകിട്ട് 5.30ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ വിതരണം ചെയ്യും. ആറ് മണിക്ക് കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികളും ഏഴ് മണിക്ക് തൃശൂര്‍ നാടക സംഘത്തിന്റെ ചക്ക’നാടകവും അരങ്ങേറും. രണ്ടാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്ന ഹരിതവേദിയെ അലങ്കരിച്ച ആറായിരത്തോളം ചെടികള്‍ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ 25 സ്‌കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങും ഇന്ന് വൈകിട്ട് നടക്കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഇവ സ്‌കൂളുകള്‍ക്ക് പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനായി വിതരണം ചെയ്യുക.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.