തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം ഇഴയുന്നു: കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭകതര്‍ക്ക് യാത്ര ദുഷ്‌ക്കരമാകും കൂത്തുപറമ്പ് നഗരത്തിലെ ഒന്നര കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണം തുടങ്ങി രണ്ട് മാസം പിന്നിടുന്നു

Thursday 24 May 2018 9:27 pm IST

 

കൂത്തുപറമ്പ്: തലശ്ശേരി-വളവുപാറ റോഡ് നിര്‍മ്മാണം ഇഴയുന്നു. കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് യാത്ര ദുഷ്‌ക്കരമാകും. കൂത്തുപറമ്പ് നഗരത്തിലെ ഒന്നര കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. 

ഒരു മാസം നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ മഹോത്സവത്തിന് അന്യജില്ലകളില്‍ നിന്നുള്‍പ്പെടെ ഭക്തജനങ്ങള്‍ക്കെത്തിച്ചേരാനുളള ഏറ്റവും അടുത്ത വഴിയാണ് തലശ്ശേരി വളവുപാറ റോഡിന്റെ ഭാഗമായ തലശ്ശേരി മുതല്‍ കൂത്തുപറമ്പ് വരെയുളള ഭാഗം. കണ്ണൂരില്‍ നിന്നും കൊട്ടിയൂരിലെത്താനുളള മട്ടന്നൂര്‍-ഇരിട്ടി റോഡിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണ്. ഇനിയങ്ങോട്ട് കാലവര്‍ഷം കൂടി ആരംഭിക്കുന്നതോടെ ഇവിടങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കേണ്ടി വരും. ഇതോടെ ഉത്സവകാലം മുഴുവന്‍ പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഭക്തജനങ്ങള്‍ കടന്നുപോകേണ്ട സ്ഥിതിയാണ്. കെഎസ്ടിപി റോഡ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാല്‍ ആഴ്ചകളായി പലയിടങ്ങളിലൂടേയും വാഹനങ്ങള്‍ കടന്നു പോകാന്‍ ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. നിരവധി പാലങ്ങളാണ് നാല്‍പ്പത് കിലോമീറ്ററുകളോളം വരുന്ന തലശ്ശേരി-വളവുപാറ റോഡില്‍ നിര്‍മ്മിക്കാനുളളത്. മിക്ക പാലങ്ങളുടേയും നിര്‍മ്മാണം പാതിവഴിയിലാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ കനത്ത അനാസ്ഥയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 

സ്‌ക്കൂളുകള്‍ തുറക്കാനും ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ റോഡിന്റെ ദുരവസ്ഥ കാരണം വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ടും. കൂത്തുപറമ്പ് നഗരത്തില്‍ രണ്ട് മാസത്തോളമായി നടക്കുന്ന റോഡ് നിര്‍മ്മാണം കടുത്ത ദുരിതമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. നഗരത്തില്‍ ഗതാഗതനിയന്ത്രണം പൂര്‍ണ്ണമായും തകിടം  മറിഞ്ഞിരിക്കുകയാണ്. സ്വാകാര്യ ബസ്സുകളുള്‍പ്പെടെ തോന്നിയ പോലെ സര്‍വ്വീസ് നടത്തുകയാണ്. ബസ് സ്റ്റാന്റില്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷകളും ടാക്‌സി വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. ജനത്തിരക്കേറിയ വൈകുന്നേരങ്ങളിലും മറ്റും നഗരം അക്ഷരാര്‍ത്ഥത്തില്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പു മുട്ടുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.