നിക്ഷേപക തട്ടിപ്പ്: റിമാന്റിലായവരെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

Thursday 24 May 2018 9:28 pm IST

 

മട്ടന്നൂര്‍: നിക്ഷേപകരെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടി എന്ന പരാതിയില്‍ റിമാന്റില്‍ കഴിയുന്ന രണ്ടുപേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങി. തളിപ്പറമ്പിലെ എ.സുരേഷ് ബാബു (47), കാസര്‍കോട് ചെമ്മനാട് സ്വദേശി എം.കുഞ്ഞിച്ചന്തു (58) എന്നിവരെയാണ് മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തി വരുന്നത്. മട്ടന്നൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന സിഗ്‌ടെക് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ഏച്ചൂര്‍ ചേലോറയിലെ ടി.പി.സവിത നല്‍കിയ പരാതിയിലാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളുണ്ട്. തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് സുരേഷ് ബാബുവും കുഞ്ഞിചന്തുവും. തളിപ്പറമ്പിലെ നിക്ഷേപകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. മട്ടന്നൂരിലും സ്ഥാപനം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും മട്ടന്നൂരില്‍ കസ്റ്റഡിയില്‍ വാങ്ങിയത്. നിക്ഷേപത്തിന് ഒരുവര്‍ഷത്തേക്ക് 13 ശതമാനം പലിശ നല്‍കാമെന്നം അഞ്ച് വര്‍ഷം തികഞ്ഞാല്‍ ഇരട്ടിത്തുക നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.

ഇതുപ്രകാരം ആറരലക്ഷം രൂപ നിക്ഷേപിച്ച സവിത ഒരുവര്‍ഷം കാലാവധി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ നിന്നും ലഭിച്ച ചെക്ക് ബാങ്കില്‍ നിന്നും പണമില്ലാതെ മടങ്ങിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇത്തരത്തില്‍ അമ്പതോളം പേരില്‍ നിന്നും പണം വാങ്ങിയതായി സൂചനയുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയവരെ മട്ടന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.