വാഹന മോഷണം: തെളിവെടുപ്പിനായി മംഗളൂരു പോലീസ് എത്തി

Thursday 24 May 2018 9:29 pm IST

 

പയ്യാവൂര്‍: മംഗലാപുരത്തുനിന്നും വാഹനങ്ങള്‍ കവര്‍ന്ന കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുമായി മംഗളൂരു പോലീസ് ആലക്കോടെത്തി. മംഗലാപുരം കദ്രി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിളു ആര്‍. വിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലക്കോടെത്തിയിട്ടുള്ളത്. മൂന്ന് മാസം മുമ്പ് വാഹന പരിശോധനക്കിടെ ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത ആഡംബര ബൈക്ക് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ ബൈക്ക് കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ മംഗലാപുരത്തുനിന്നും മോഷണം നടത്തി വില്‍പന നടത്തിയതാണെന്ന് പോലീസ് പറഞ്ഞു.

പ്രതികള്‍ വില്‍പന നടത്തിയ മുപ്പത്തിയഞ്ചോളം വാഹനങ്ങളില്‍ പതിനഞ്ചോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍  നിന്നും ബൈക്കുകള്‍ കളവു ചെയ്തതായി സൂചനയുണ്ട്. ശ്രീകണ്ഠപുരം, പയ്യാവൂര്‍, ആലക്കോട് മേഖലകളില്‍നിന്നുമാണ് ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ആലക്കോട്, ശ്രീകണ്ഠപുരം സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒരോന്ന് വീതവും ബാക്കിയുള്ളവ പയ്യാവൂര്‍ സ്റ്റേഷന്‍പരിധിയില്‍നിന്നുമാണ് കണ്ടെടുത്തത്. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രണ്ട് ബൈക്കുകള്‍ ശ്രീകണ്ഠപുരം പോലീസിന്റെ സഹായത്തോടെ കാസര്‍കോട് പോലീസിന് കൈമാറും. 

രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്കാണ് കാസര്‍കോട് നിന്നും മോഷണം നടത്തിയത്. ഇത് കാവുമ്പായി സ്വദേശിയായ യുവാവിന് വിറ്റത് നാല്‍പതിനായിരം രൂപക്കാണ്. ഇരുപതിനായിരം രൂപ അഡ്വാന്‍സ് വാങ്ങി ബാക്കി പണം താക്കോലും രേഖകളും കൈമാറുമ്പോള്‍ തന്നാല്‍ മതി എന്നുപറഞ്ഞാണ് വില്‍പന നടത്തിയത്. കവര്‍ച്ച ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഒഴിവാക്കി ന്യൂ രജിസ്റ്റേഡ് എന്ന സ്റ്റിക്കര്‍പതിക്കുകയാണ് പതിവ്. പയ്യാവൂര്‍ മേഖലയിലെ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെയുള്ള എട്ടംഗ സംഘമാണ് പോലീസ് പിടിയിലായത്. ഇവരില്‍ നാലുപേര്‍ പതിനേഴ് വയസ്സുള്ളവരാണ്. നാലുപേര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളും ഒരാള്‍ ബിരുദ വിദ്യാര്‍ത്ഥിയുമാണ്. ഇവര്‍ കഞ്ചാവ്, തുടങ്ങിയ മയക്കുമരുന്നുകള്‍ക്കും അടിമകളാണെന്നും സംശയമുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.