തലശ്ശേരി-വളവുപാറ റോഡ് കലുങ്ക് നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി: ഉന്നതതലസംഘം സ്ഥലം സന്ദര്‍ശിച്ചു

Thursday 24 May 2018 9:29 pm IST

ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ ഇറക്കത്തില്‍ കല്ലുമുട്ടിയില്‍ നിര്‍മ്മിച്ച പുതിയ കലുങ്കിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ലോകബാങ്കിന്റെ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. നേരത്തെ ഉണ്ടായിരുന്ന കലുങ്ക് മാറ്റി പുതിയ കലുങ്ക് നിര്‍മ്മിച്ചപ്പോള്‍ വേണ്ടത്ര ഉയരം ഇല്ലെന്നും ഇരുഭാഗത്തെയും റോഡ്  ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അപകടം ക്ഷണിച്ചു വരുത്തും എന്നും മറ്റുമായിരുന്നു പരാതികള്‍. പഴശ്ശി പദ്ധതിയില്‍ വെള്ളം സംഭരിക്കുമ്പോള്‍ പാലത്തിന്റെ മുകളില്‍ വെള്ളം കയറാന്‍ സാദ്ധ്യത ഉണ്ടെന്നും പരാതി ഉയര്‍ന്നിരുന്നു. പായം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് കലുങ്ക് നിലനില്‍ക്കുന്നത്.  ജനത്തിന്റെ ആശങ്ക  പായം പഞ്ചായത്ത് അധികൃതര്‍ പരാതിയായി കരാറുകാരെയും കെഎസ്ടിപി അധികൃതരെയും അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചത്. 

എന്നാല്‍ അതിനെ ക്കുറിച്ച്  യാതൊരുവിധ ആശങ്കയും വേണ്ടെന്നും എല്ലാ വിധത്തിലുള്ള കാര്യങ്ങളും പരിഗണിച്ചു കൊണ്ടു  തന്നെയാണ് കലുങ്കിന്റെ നിര്‍മ്മാണം നടത്തിയതെന്നും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയശേഷം കരാര്‍ കമ്പനി അധികൃതര്‍  പറഞ്ഞു. ഇരുഭാഗത്തെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇപ്പോള്‍ കാണുന്ന അപാകതകള്‍ ഇല്ലാതാകുമെന്നും ഇവര്‍ പറഞ്ഞു. ലോക ബാങ്ക് സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സോണി തോമസ്, കെഎസ്ടിപി റസിഡന്റ് എഞ്ചിനീയര്‍ ശശികുമാര്‍, എഞ്ചിനീയര്‍ പ്രവിന്ത് എന്നിവരാണ് പരിശോധനക്കെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.