നിപ ഭീഷണി ഉയരുമ്പോഴും ജില്ലാ ആശുപത്രിയില്‍ ചീഞ്ഞുനാറ്റം ദുസ്സഹമാകുന്നു

Thursday 24 May 2018 9:31 pm IST

 

കണ്ണൂര്‍: നിപ്പഭീഷണിയെ തുടര്‍ന്ന് ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൊട്ടിഘോഷിച്ച് പ്രചരണം നടക്കുമ്പോഴും ജില്ലാ ആരോഗ്യവകുപ്പിന്റെ മൂക്കിന് താഴെയുള്ള ജില്ലാ ആശുപത്രിയില്‍ ചീഞ്ഞുനാറ്റം ദുസ്സഹമാകുന്നു. ആശുപത്രിയിലെ പ്രസവവാര്‍ഡിന് തൊട്ടടുത്തുള്ള ഓടയില്‍ അഴുക്കുജലം കെട്ടിക്കിടന്ന്പുറത്തേക്കൊഴുകുന്നത് കടുത്ത ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 

അണുബാധ വരാതെ ഏറെ കരുതലോടെ പരിരക്ഷിക്കേണ്ട പ്രസവ വാര്‍ഡ് മലിനവും ദുര്‍ഗന്ധപൂരിതവുമായത് കടുത്ത ആരോഗ്യ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ഇവിടെയുള്ള കുളിമുറികളും കക്കൂസുകളും വൃത്തിഹീനമാണ്. ഇവിടെ ആവശ്യത്തിന് വെളിച്ചമില്ലാത്തതും രോഗികള്‍ക്കും കുട്ടിരിപ്പുകാര്‍ക്കും ദുരിതമായി മാറുന്നുണ്ട്. ആശുപത്രിയില്‍ ഏറെ മോഷണങ്ങളും പിടിച്ചുപറികളും മറ്റ് സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നത് പതിവാണ്.

ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ളതാണ് പ്രസവവാര്‍ഡിന് സമീപത്തെ അവസ്ഥ. ജില്ലാ ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും ആവശ്യമായ ശുചിത്വമില്ലാത്തത് രോഗികളെ ഇവിടെനിന്നും അകറ്റാനും കാരണമായിട്ടുണ്ട്.

ആശുപത്രിയില്‍ ഒപികളില്‍ ആവശ്യമായ ഡോക്ടര്‍മാരില്ലാത്തതുമൂലം നിരവധി രോഗികളാണ് സ്വകാര്യ ആശുപതികളെ ആശ്രയിക്കുന്നത്. കേരളത്തിനുതന്നെ ഭീഷണിയായ നിപ രോഗബാധയെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശ്ശന ശുചിത്വ പ്രവര്‍ത്തനങ്ങളുംമറ്റും നടന്നുവരുന്നതിനിടയിലാണ് ജില്ലാ ആശുപത്രി ഏറെ ശോചനീയാവസ്ഥയിലായിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.