നിപ: പഴം വിപണിയില്‍ ആശങ്ക

Friday 25 May 2018 2:26 am IST
റംസാന്‍ കാലത്ത് നോമ്പുതുറയില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണെങ്കിലും കഴിഞ്ഞ നാലു ദിവസങ്ങളായി നിലനില്‍ക്കുന്ന ആശങ്ക പഴം വിപണിയിലും പ്രതിഫലിക്കുകയാണ്. വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെ 'നിപ' വൈറസ് പടരുന്നതായ റിപ്പോര്‍ട്ടിന് പിന്നാലെ നേന്ത്രപ്പഴം, മാങ്ങ, പേരയ്ക്ക, ഞാവല്‍ എന്നിവയുടെ വില്‍പനയാണ് കുറഞ്ഞിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ വൈറസ് ബാധയെത്തുടര്‍ന്ന് പഴം വിപണിയില്‍ ആശങ്ക. വവ്വാലുകളില്‍ നിന്നാണ് നിപ വൈറസുകള്‍ മനുഷ്യരിലേക്ക് എത്തിയതെന്ന പ്രചാരണമാണ് പഴ വിപണിയേയും ബാധിച്ചിരിക്കുന്നത്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുതെന്ന നിര്‍ദ്ദേശം വന്നതോടെ ജനം പഴവര്‍ഗ്ഗങ്ങള്‍ പാടെ ഒഴിവാക്കിയ മട്ടാണ്. 

റംസാന്‍ കാലത്ത് നോമ്പുതുറയില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണെങ്കിലും കഴിഞ്ഞ നാലു ദിവസങ്ങളായി നിലനില്‍ക്കുന്ന ആശങ്ക പഴം വിപണിയിലും പ്രതിഫലിക്കുകയാണ്. വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെ 'നിപ' വൈറസ് പടരുന്നതായ റിപ്പോര്‍ട്ടിന് പിന്നാലെ നേന്ത്രപ്പഴം, മാങ്ങ, പേരയ്ക്ക, ഞാവല്‍ എന്നിവയുടെ വില്‍പനയാണ് കുറഞ്ഞിരിക്കുന്നത്.  

അതേസമയം, തണ്ണിമത്തന്‍, പൈനാപ്പിള്‍, ആപ്പിള്‍, നാരങ്ങ, മുന്തിരി, ഉറുമാന്‍പഴം എന്നിവയ്ക്ക് വിപണിയില്‍ കാര്യമായ പ്രശ്‌നമില്ല. 

കോഴിക്കോട് പാളയം മാര്‍ക്കറ്റിലടക്കം വിവിധ തരം മാമ്പഴങ്ങള്‍ക്ക് കിലോയ്ക്ക് 25 മുതല്‍ 100 രൂപവരെയാണ് വിലയായി ഈടാക്കിയിരുന്നത്. എന്നാല്‍ ഇന്നലെ മാങ്ങ വിപണിയില്‍ കച്ചവടമൊന്നും നടന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നാല് ലോഡ് മാങ്ങ വന്നെങ്കിലും ഇതില്‍ കാര്യമായ വില്‍പ്പന നടന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. 

നേന്ത്രപ്പഴത്തിനും കാര്യമായി വില കുറഞ്ഞിട്ടുണ്ട്. കച്ചവടം നടക്കണമെന്ന് കണ്ട് വില കുറച്ച് വില്‍പ്പന നടത്തുകയാണെന്നും വ്യാപാരികള്‍ പറയുന്നു. വരുംദിവസങ്ങളിലും പ്രതിസന്ധി തുടര്‍ന്നാല്‍ ചെറുകിട കച്ചവടക്കാരടക്കമുള്ളവര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും. വില്‍പ്പനയിലെ ഇടിവ് സാധനങ്ങള്‍ നശിക്കുന്നതിലേക്ക് എത്തുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെയ്ക്കുന്നു. ജ്യൂസ് വിപണിയെയും നിപ വൈറസ് ബാധ  ബാധിച്ചു. മാങ്ങ ജ്യൂസ് വില്‍പ്പനയിലാണ് കുറവുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.