നിപ: മെഡിക്കല്‍ കോളേജും ആരോഗ്യവിഭാഗവും രണ്ടുതട്ടില്‍

Friday 25 May 2018 2:29 am IST

കോഴിക്കോട്: നിപ മരണം വ്യാപിക്കുമ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരും ആരോഗ്യവിഭാഗവും രണ്ട് തട്ടില്‍. നിപ സംശയത്തോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ വിവരങ്ങള്‍ യഥാസമയം ആരോഗ്യവകുപ്പിന് കൈമാറാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.

കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ഏഴ് വിഭാഗങ്ങളിലും രോഗികള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമില്ല. ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥര്‍ ഓരോ വകുപ്പിലും പോയി വിവരങ്ങള്‍ ശേഖരിക്കേണ്ട സ്ഥിതിയാണ്. വിവരങ്ങള്‍ കൃത്യമായി ലഭിച്ചാല്‍ മാത്രമേ വൈറസ് ബാധിച്ചവരുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ കഴിയൂ. ഇത് യഥാസമയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ല എന്നതാണ് ആരോഗ്യവിഭാഗത്തെ കുഴയ്ക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിനെ നിപ വൈറസ് ബാധ ചികിത്സയുടെയും പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും നോഡല്‍ കേന്ദ്രമായി  പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും നിപ സംശയത്തില്‍ വരുന്നവരുടെ വിവരങ്ങള്‍ പോലും സമയാസമയം കൈമാറാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. രോഗികളുടെ കൃത്യമായ പേരും മേല്‍വിലാസവും നല്‍കാനാണ് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പേരുപോലും കൃത്യമായി ലഭിക്കില്ല. രോഗപ്രതിരോധ വിഭാഗവും ആരോഗ്യവിഭാഗം ഡയറക്ടറും സര്‍ക്കാരിലേക്ക് വിവരങ്ങള്‍ നല്‍കാന്‍ ചോദിച്ചാല്‍ പോലും ആശുപത്രിയില്‍ നിന്ന് കൃത്യമായി നല്‍കാത്ത സ്ഥിതിയാണ്.

ആരോഗ്യവിഭാഗം ഡയറക്ടറും ജില്ലാമെഡിക്കല്‍ ഓഫീസറും നിരവധി തവണ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പാളിനോടും സൂപ്രണ്ടിനോടും ഇക്കാര്യം സൂചിപ്പിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. വിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പബ്ലിക് റിലേഷന്‍ ഓഫീസറെയോ ഡോക്ടറേയോ ചുമതലപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.