തൂത്തുക്കുടി: രാഹുലിന്റെ വാക്കുകളില്‍ ചോരക്കറ

Friday 25 May 2018 2:33 am IST
രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലത്തോടെയല്ലാതെ ജനമുന്നേറ്റമെന്ന പോലെ നടക്കുന്ന തൂത്തുക്കുടി സമരത്തിനെതിരെ നടന്ന വെടിവയ്പ്പ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയം നിലനില്‍ക്കെ രാഹുലിന്റെ അഭിപ്രായപ്രകടനം ഏറെ ശ്രദ്ധേയമാകുന്നു. കളക്ടറേറ്റിന് മുന്നിലേക്ക് സംയമനത്തോടെ മാര്‍ച്ച് ചെയ്ത സമരക്കാര്‍ക്കെതിരെയാണ് പോലീസ് അതിക്രമവും ലാത്തിച്ചാര്‍ജ്ജും നടത്തിയതെന്നും തുടര്‍ന്നാണ് ജനം അക്രമാസക്തരായതെന്നും ഒരു മനുഷ്യാവകാശ സംഘടന ആരോപിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സംഭവം വേദനാജനകം തന്നെയാണ്. ജനകീയ സമരമുഖമായി മാറിയ ആ തുറമുഖ നഗരത്തില്‍ പിന്നെയും ചോര ചീന്തി. പോലീസ് വെടിവയ്പില്‍ രണ്ടാമതും ഒരാള്‍ മരിച്ചതോടെ മരണസംഖ്യ 12 ആയി. ഇപ്പോഴും അശാന്തിയുടെ തീരമാണവിടം. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും കളക്ടറെയും എസ്പിയേയും സ്ഥലം മാറ്റിയതും സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടുന്നുവെന്നതിന്റെ സൂചനയായി കാണാമെങ്കിലും ജനരോഷം തണുപ്പിക്കാനും വിശ്വാസമാര്‍ജ്ജിക്കാനും അത് എത്രമാത്രം ഉതകുമെന്ന് പറയാറായിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി തന്നെ വെടിവയ്പിനെ ന്യായീകരിച്ചത് വിചിത്രവും  വേദനാ ജനകവുമായിപ്പോയി.ഗുരുതരമായ പരിസ്ഥിതി പ്രശ്‌നം സൃഷ്ടിക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പു ഫാക്ടറി അടച്ചുപൂട്ടുക തന്നെ വേണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. ഫാക്ടറിയുടെ വികസനം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുമുണ്ട്. 

അതേസമയം, ജനകീയ സമരത്തിലെ പങ്കാളികള്‍ പോലീസ് വെടിയേറ്റു വീഴുമ്പോഴും അതിന്റെ മറവില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന ദേശീയ നേതാക്കള്‍ ഏതു നാടിനും ശാപം തന്നെയെന്നു പറയാതെ വയ്യ. ജനങ്ങളുടെ വേദന മുതലെടുക്കുന്നത് നേതൃപാടവമല്ല വിവരക്കേടാണ്. കോണ്‍ഗ്രസ്സും അതിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. സമരത്തിനു കാരണമായ ചെമ്പു ഫാക്ടറിയുടെ പേരിന്റെ കൂടെ വേദാന്ത എന്ന വാക്ക് ഉള്ളത് ചൂണ്ടിക്കാട്ടി ഈ വിഷയത്തിലേയ്ക്ക് ആര്‍എസ്എസിനെ വലിച്ചിഴയ്ക്കുന്ന രാഹുലിന്റെ മനസ്സില്‍ വിവരക്കേടാണോ ദുഷ്ടലാക്കാണോ എന്നേ അറിയാനുള്ളു. വേദാന്ത റിസോഴ്‌സിന്റെ ആസ്ഥാനം ലണ്ടന്‍ ആണെന്ന് ഈ നേതാവിന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടിയിരിക്കുന്നു. അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് തൂത്തുക്കുടിയിലേത്. ഗുജറാത്തിലും കര്‍ണാടകയിലും പരീക്ഷിച്ചു പരാജയപ്പെട്ട ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗമായിരിക്കാം ഇതും. ബിജെപിയെയും നരേന്ദ്ര മോദിയേയും അംഗീകരിക്കാത്ത തമിഴ് ജനതയെ വെടിവെച്ചു കൊല്ലുകയാണെന്നും തമിഴ്‌നാട്ടുകാരോടൊപ്പം തങ്ങള്‍ ഉണ്ടാവുമെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. രക്തക്കറ ഏറെ പുരണ്ട കൈയ്യാണല്ലോ കോണ്‍ഗ്രസ്സിന്റെ ചിഹ്നം. 

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്‍ബലത്തോടെയല്ലാതെ ജനമുന്നേറ്റമെന്ന പോലെ നടക്കുന്ന തൂത്തുക്കുടി സമരത്തിനെതിരെ നടന്ന വെടിവയ്പ്പ് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന സംശയം നിലനില്‍ക്കെ രാഹുലിന്റെ അഭിപ്രായപ്രകടനം ഏറെ ശ്രദ്ധേയമാകുന്നു.  കളക്ടറേറ്റിന് മുന്നിലേക്ക് സംയമനത്തോടെ മാര്‍ച്ച് ചെയ്ത സമരക്കാര്‍ക്കെതിരെയാണ് പോലീസ് അതിക്രമവും ലാത്തിച്ചാര്‍ജ്ജും നടത്തിയതെന്നും തുടര്‍ന്നാണ് ജനം അക്രമാസക്തരായതെന്നും ഒരു മനുഷ്യാവകാശ സംഘടന ആരോപിച്ചിട്ടുണ്ട്. തുടര്‍ന്നാണു സംശയകരമായ വെടിവയ്പ്പ് നടന്നത്. ഒരു സ്വകാര്യ ബസ്സിനു മുകളില്‍ കയറി നിന്നുകൊണ്ട് സിവില്‍ വേഷത്തിലുള്ള പോലീസുകാരന്‍ വെടിവയ്ക്കുന്നതും ഒരാളെങ്കിലും മരിക്കണം എന്നു മറ്റൊരാള്‍ നിര്‍ദ്ദേശം കൊടുക്കുന്നതുമായ വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. വെടിവയ്പ്പും മരണവും ഉണ്ടാകണമെന്ന് ചിലരെങ്കിലും ആഗ്രഹിച്ചിരുന്നോ? സംശയിക്കേണ്ടിവരും. രജനീകാന്തും കമല്‍ഹാസനും അടക്കം സംസ്ഥാന സര്‍ക്കാരിനെയാണു കുറ്റപ്പെടുത്തുന്നത്. 

 ഭരണ തലത്തിലുള്ളവരുടെ നിസ്സംഗതയും അനാസ്ഥയും എത്ര വലിയ ദുരന്തത്തിലേയ്ക്കു നയിക്കും എന്നതിന് ഉദാഹരണമാണിന്ന് തൂത്തുക്കുടി. ജനങ്ങളുടെ പരാതിയ്ക്ക് രണ്ടര പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. സമരത്തിന് നൂറുദിവസത്തിന്റെ ചരിത്രവും. മാറിമാറി വന്ന ഇത്രയും കാലത്തെ സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സംഗതയാണ് സമരത്തിനും പൊടുന്നനെ വെടിവയ്പിനും മരണത്തിനും വഴിവച്ചത്. സ്റ്റെര്‍ലൈറ്റ് എന്ന ചെമ്പു നിര്‍മാണ ഫാക്ടറി ഉയര്‍ത്തുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ അവിടെ പരാതി ഉയര്‍ന്നത് 1994ല്‍ ആണ്. അന്നുമുതല്‍ ഇന്നു വരെ പൊതുജനം അതിനു പിന്നാലെയുണ്ട്. ഫാക്ടറിയില്‍ നിന്നു വമിക്കുന്ന പുകയും കടലിലേയ്ക്ക് തള്ളുന്ന മാലിന്യങ്ങളും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഒരുപോലെ ഹാനികരമാണെന്നാണ് ജനങ്ങളുടെ ആരോപണം. തുറമുഖ നഗരമായ ഇവിടെ ഏറെയും മല്‍ത്സ്യബന്ധനത്തൊഴിലാളികളാണ്. ഫാക്ടറി മാലിന്യം മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാകുന്നുണ്ട്. ഉള്ള മത്സ്യങ്ങള്‍ ഭക്ഷണ യോഗ്യമല്ലാതാവുകയും ചെയ്യും. ഫാക്ടറിപ്പുക അന്തരീക്ഷത്തിലുണ്ടാക്കുന്ന മലിനീകരണം മൂലമാണ് ഈ പ്രദേശത്ത് മൂന്ന് വര്‍ഷത്തോളമായി മഴ പെയ്യാത്തതെന്നും ആരോപണമുണ്ട്. മൊത്തത്തില്‍ ജനജീവിതം ദുസ്സഹമായിത്തീര്‍ന്ന അവസ്ഥയാണിവിടെ. ജനവികാരവും നിരന്തര പരാതികളും മറികടന്ന് ഫാക്ടറിക്ക് വികസനത്തിന് അനുമതി നല്‍കിയതാണ് സമരം ശക്തമാകാന്‍ കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.