ഗൃഹോപകരണ ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി, കോടികളുടെ നഷ്ടം

Friday 25 May 2018 2:45 am IST
എംസി റോഡിലൂടെ കടന്നുപോയ വാഹനയാത്രികരാണ് ഗോഡൗണില്‍ തീപിടിച്ചത് ആദ്യം കണ്ടത്. ഇവര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇവര്‍ തന്നെ റോഡിലുണ്ടായിരുന്ന ഹൈവേ പോലീസിനെയും ഇക്കാര്യം ധരിപ്പിച്ചു. ഈ യാത്രക്കാര്‍ തന്നെ അഗ്നിശമന സേനയെയും വിളിച്ച് അറിയിച്ചിരുന്നു.

ഏറ്റുമാനൂര്‍: എംസി റോഡില്‍ തെള്ളകത്ത് വന്‍ അഗ്‌നിബാധയില്‍ ഗൃഹോപകരണ, ഫര്‍ണീച്ചര്‍ ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച്ച വെളുപ്പിന് 2.30ന് ഉണ്ടായ അഗ്‌നിബാധയില്‍ ബിഗ് സി എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. എട്ട് കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്ത കാരണമെന്ന് സംശയിക്കുന്നു.

തെള്ളകത്ത് സുലഭ സൂപ്പര്‍ മാര്‍ക്കറ്റിനു പിന്നിലായി ടിന്‍ഷീറ്റുകൊണ്ടു നിര്‍മ്മിച്ച വലിയ ഗോഡൗണാണ് തീപിടിച്ചു നശിച്ചത്. ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍, ടിവി തുടങ്ങിയവയുടെ വന്‍ശേഖരം ഗോഡൗണില്‍ ഉണ്ടായിരുന്നു. എല്ലാം ചാമ്പലായി. ആറുമാനൂര്‍ കുഞ്ചക്കൊട്ടില്‍ ടെറിന്‍ ജോസഫിന്റേതാണ് സ്ഥാപനം. അഞ്ച് മണിക്കൂറിലെറെ അഗ്നിശമന സേന പണിപ്പെട്ടാണ് തീ നിയന്ത്രിച്ചത്. രാവിലെ ഏഴോടെയാണ് പൂര്‍ണമായും തീ നിയന്ത്രണവിധേയമാക്കിയത്. തീ അണയ്ക്കുന്നതിനിടെ വെള്ളം തീര്‍ന്നു പോയ അഗ്നിശമന സേനയ്ക്ക് ആവശ്യമായ വെള്ളം തെള്ളകത്തെ രണ്ട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നിറച്ച് കൊടുത്തു.

എംസി റോഡിലൂടെ കടന്നുപോയ വാഹനയാത്രികരാണ് ഗോഡൗണില്‍ തീപിടിച്ചത് ആദ്യം കണ്ടത്. ഇവര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇവര്‍ തന്നെ റോഡിലുണ്ടായിരുന്ന ഹൈവേ പോലീസിനെയും ഇക്കാര്യം ധരിപ്പിച്ചു. ഈ യാത്രക്കാര്‍ തന്നെ അഗ്നിശമന സേനയെയും വിളിച്ച് അറിയിച്ചിരുന്നു.

അഗ്നിശമന സേന ജില്ലാ ഓഫീസര്‍ ഷിനോയി, സ്റ്റേഷന്‍ ഓഫീസര്‍ ശിവദാസ് എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഇവരുടെ അധ്വാനം മൂലം തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റിലേക്കും ഫര്‍ണീച്ചര്‍ ഷോപ്പിലേക്കും തീ പടരുന്നത് ഒഴിവായി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.