നിപ ഭീതിയില്‍ ആശുപത്രി ജീവനക്കാരെ ഒറ്റപ്പെടുത്തുന്നു

Friday 25 May 2018 2:48 am IST
ആശുപത്രി ജീവനക്കാര്‍ ബസ്സില്‍ കയറുമ്പോള്‍ പലരും ഗുരുതര രോഗബാധിതരെ പോലെ കാണുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബസ്സില്‍ അടുത്ത് ഇരിക്കുവാനോ സമീപത്ത് നില്‍ക്കാനോ അനുവദിക്കുന്നില്ല. ജനം ഭീതിയോടെ ഒഴിഞ്ഞുമാറുന്നു. ആശുപത്രിയില്‍ പോലും രോഗികള്‍ വരുന്നില്ലെന്നും നിലവില്‍ ഉള്ളവര്‍പോലും രോഗഭീതിയില്‍ ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നുവെന്നും പാരിതിയിലുണ്ട്.

കോഴിക്കോട്: നിപ പടരുമെന്ന ഭീതിയില്‍ ആശുപത്രി ജീവനക്കാരെയും നഴ്‌സുമാരെയും ഒറ്റപ്പെടുത്തുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന ഭീതിയില്‍ ആരോഗ്യ വകുപ്പ്.  ആദ്യം നിപ ബാധിച്ച് മരിച്ചെന്ന കരുതുന്ന സാബിത്തിനെ പ്രേവശിപ്പിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത്. ഈ വിവരം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്.

ആശുപത്രി ജീവനക്കാര്‍ ബസ്സില്‍ കയറുമ്പോള്‍ പലരും ഗുരുതര രോഗബാധിതരെ പോലെ കാണുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബസ്സില്‍ അടുത്ത് ഇരിക്കുവാനോ സമീപത്ത് നില്‍ക്കാനോ അനുവദിക്കുന്നില്ല. ജനം ഭീതിയോടെ ഒഴിഞ്ഞുമാറുന്നു. ആശുപത്രിയില്‍ പോലും രോഗികള്‍ വരുന്നില്ലെന്നും നിലവില്‍ ഉള്ളവര്‍പോലും രോഗഭീതിയില്‍ ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നുവെന്നും പാരിതിയിലുണ്ട്.

സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ പ്രതിരോധ പ്രവര്‍ത്തനം പോലും നിലയ്ക്കുന്ന അവസ്ഥയിലേക്ക് പോകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ആശുപത്രി ജീവനക്കാര്‍ തങ്ങള്‍ രോഗികളെ പരിചരിക്കാന്‍ തയ്യാറല്ലെന്ന് നിലപാടെടുത്താല്‍ എന്തുചെയ്യും എന്നാണ് ആരോഗ്യ വകുപ്പ് ചോദിക്കുന്നത്. ഇപ്പോള്‍ എല്ലാ ആശുപത്രി ജീവനക്കാര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആശുപത്രി ജീവനക്കാരെ ഒറ്റപ്പെടുത്തരുതെന്നും ആരോഗ്യവിഭാഗം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിപ വൈറസ് വ്യാപകമാകുന്നതായി ഭയപ്പെടേണ്ടതില്ലെന്ന് കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. സാധാരണ പനിയുമായി വരുന്നവരെ പോലും ഭയപ്പാടോടെ നോക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ജീവനക്കാരെയും രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുക്കളെയും ഒറ്റപ്പെടുത്തുന്ന സമീപനം സമൂഹത്തില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ല. രോഗലക്ഷണം കാണുന്നത് വരെ വൈറസ് പകരില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. പേരാമ്പ്രയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് ബോധവത്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.