ഫൈനല്‍ മോഹവുമായി കൊല്‍ക്കത്തയും ഹൈദരാബാദും

Friday 25 May 2018 2:50 am IST

കൊല്‍ക്കത്ത: ഐപിഎല്‍ കലാശക്കളിയിലേക്ക് കടന്നുകയറാനുള്ള പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി മാറ്റുരയ്ക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ രാത്രി ഏഴിന് മത്സരമാരംഭിക്കും. ഇന്നത്തെ വിജയികള്‍ ഞായറാഴ്ച മുംബൈയില്‍ അരങ്ങേറുന്ന കപ്പിനായുളള കലാശപ്പേരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

കെയ്ന്‍ വില്യംസണ്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. പതിനാല് ലീഗ് മത്സരങ്ങളില്‍ പതിനെട്ടു പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് അവര്‍ പ്ലേ ഓഫില്‍ കടന്നത്. പക്ഷെ ആദ്യ പ്ലേ ഓഫ് മത്സരത്തില്‍ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റു.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 25 റണ്‍സിന് തോല്‍പ്പിച്ചാണ് ദിനേശ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ അര്‍ഹരായത്്്.കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്. മുംബൈയോട് 102 റണ്‍സിന് തോറ്റതിനുശേഷം കൊല്‍ക്കത്ത വിജയങ്ങളിലേക്ക് പിടിച്ചുകയറുകയായിരുന്നു.

ബുധനാഴ്ച നടന്ന പ്ലേ ഓഫ്് മത്സരത്തില്‍ മൂന്നിന് 24 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്ത കാര്‍ത്തിക്കിന്റെയും (52), റസ്സലിന്റെയും (49) മികവില്‍ ഏഴു വിക്കറ്റിന് 169 റണ്‍സ് എടുത്തു.

മറുപടി പറഞ്ഞ രാജസ്ഥാന്‍ റോയല്‍സ് ഒന്നിന് 87 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പക്ഷെ പിയൂഷ് ചൗളയുടെയും കുല്‍ദീപ് യാദവിന്റെയും തിരിയുന്ന പന്തുകളില്‍ കൊല്‍ക്കത്ത രാജസ്ഥാനെ നാലിന് 144 റണ്‍സെന്ന നിലയില്‍ ഒതുക്കി നിര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.