യുവനിരയുമായി സെര്‍ബിയ

Friday 25 May 2018 2:52 am IST

ബെല്‍ഗ്രേഡ്: ലോകകപ്പിനുള്ള സെര്‍ബിയയുടെ 27 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒട്ടേറെ യുവതാരങ്ങളെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഫോം നഷ്ടമായ പരിചയ സമ്പന്നര്‍ക്ക് പകരമാണ് പുതുമുഖങ്ങള്‍ക്ക് കോച്ച് മ്ലാഡന്‍ അവസരം നല്‍കിയത്.

പ്രതിരോധ നിരക്കാരായ ദുസാന്‍ ബാസ്ത, ഇവാന്‍ ഒബ്രാഡോവിക്ക് എന്നിവര്‍ക്ക് പകരം നിക്കോള മിലന്‍കോവിക്കിനെയും മിലന്‍ റോഡിക്കിനെയും ഉള്‍പ്പെടുത്തി. ജര്‍മന്‍ കപ്പ് ജേതാക്കളായ എന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനായി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച സ്‌ട്രൈക്കര്‍ ലുക ജോവിക്കിന് ദേശീയ ടീമില്‍ ഇടം കിട്ടി.

ദക്ഷിണ കൊറിയക്കെതിരെ സൗഹൃദ മത്സരത്തില്‍ കളിച്ച നെമാന്‍ജ റാഡോണിക്ക്, ഗോള്‍ കീപ്പര്‍ വ്‌ളാഡിമിര്‍ സ്‌റ്റോക്കോവിക്ക്, പരിക്കേറ്റ മാട്ടിജ നസ്റ്റാസിക് എന്നിവരും ടീമിലുണ്ട്. ലോകകപ്പിന് മുമ്പ് നസ്റ്റാസിക് പരിക്കില്‍ നിന്ന് മോചനം നേടുമെന്നാണ് പ്രതീക്ഷ.

2010 ലെ ലോകകപ്പിനുശേഷം ഇതാദ്യമായാണ് സെര്‍ബിയ ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിന്റെ മുന്നൊരുക്കമായി സെര്‍ബിയ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ജൂണ്‍ നാലിന് ചിലിയേയും അഞ്ചിന് ബൊളീവിയയേയും നേരിടും.

സെര്‍ബിയ ലോകകപ്പില്‍ ഗ്രൂപ്പ് ഇ യിലാണ് മത്സരിക്കുക. മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്ററിക്ക എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ 17ന് കോസ്റ്ററിക്കയെ നേരിടും. 22ന് സ്വിറ്റ്‌സര്‍ലന്‍ഡിനെയും 27 ന് ബ്രസീലിനെയും എതിരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.