മൂസയുടെ മൃതദേഹം സംസ്‌കരിച്ചത് അതീവ സുരക്ഷയില്‍

Friday 25 May 2018 2:52 am IST

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച മൂസയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം സംസ്‌കരിച്ചു. ലോകാരോഗ്യ സംഘടനയുടെയും  വിദഗ്ധ സമിതിയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചാണ് ഖബറടക്കിയത്. 

 ബന്ധുക്കള്‍ എതിര്‍ത്തതിനാല്‍ മൃതദേഹം തീയിലോ വൈദ്യുതി ഉപയോഗിച്ചോ ദഹിപ്പിക്കുന്ന രീതി സ്വീകരിച്ചില്ല. ചില മതവിശ്വാസങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാണിത്.

അതിനാല്‍ പത്തടിയിലധികം താഴ്ച കുഴിയെടുത്താണ് സംസ്‌കരിച്ചത്.  ബ്ലീച്ചിംഗ് പൗഡര്‍ അടക്കമുളള കീടനാശിനികള്‍ സംസ്‌കരിച്ച സ്ഥലത്ത്് വിതറി. 

ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ കെ.ജെ. റീന മൂസയുടെ  ബന്ധുക്കളുമായിചര്‍ച്ച നടത്തി. എന്നാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം അനുമതി നല്‍കിയില്ല. തീവ്രമത സംഘടനകള്‍ ഇടപെട്ടതോടെ മൃതദേഹം സംസ്‌കരിക്കല്‍ വൈകി. ഇത്  ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒടുവില്‍ ജില്ലാ ഭരണകൂടം ഇടപെട്ടു. 

മൃതദേഹം വൃത്തിയാക്കാനും സംസ്‌കരിക്കുന്നതിനുമുള്ള ആളുകള്‍ക്ക് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അടക്കമുളള ജീവനക്കാര്‍ക്ക് പ്രത്യേക ഗൗണും മാസ്‌കും ഗ്ലൗസും എല്ലാം ധരിപ്പിച്ചതിന് ശേഷമായിരുന്നു മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോയത്. മതാചാര പ്രകാരമുളള ചടങ്ങുകള്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ നിന്ന് നിര്‍വ്വഹിക്കാനാണ് അനുമതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.