നിപ ബാധിച്ച് 11 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു

Friday 25 May 2018 2:55 am IST

തിരുവനന്തപുരം: നിപ ബാധിച്ച്  11 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എട്ടു പേര്‍ കോഴിക്കോടും മൂന്നുപേര്‍ മലപ്പുറത്തുമാണ് മരിച്ചത്. കോഴിക്കോട് 10 ഉം മലപ്പുറത്ത് നാലും പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. 22 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 13 പേര്‍ കോഴിക്കോടും ആറ് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ കോട്ടയത്തും ഒരാള്‍ തിരുവനന്തപുരത്തുമാണ്.

   വൈറസ് ബാധയേറ്റ് കോഴിക്കോട്ട്  ഒരാള്‍കൂടി മരിച്ച  സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും  സമീപ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കി.  

     മരണമടഞ്ഞവരുടെ ബന്ധുക്കളെയും പരിസര വാസികളെയും നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തി. ഇതിന്പുറമെ ആര്‍ക്കെങ്കിലും സംശയങ്ങളോ രോഗസമാന ലക്ഷണമോ കണ്ടാല്‍  ജില്ലാ മെഡിക്കല്‍ ഓഫീസറെയോ തൊട്ടടുത്ത ഹെല്‍ത്ത് സെന്ററിലോ അറിയിക്കണം. ജില്ലാ കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം ഫോണ്‍ 0483- 737857 മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാക്കി.

    രോഗം സ്ഥിരീകരിച്ച  പ്രദേശത്തുള്ളവര്‍  രണ്ടാഴ്ച പൂര്‍ണ്ണമായി വീടുകളില്‍ വിശ്രമിക്കണം. യാത്രകള്‍, ചടങ്ങുകള്‍, ആഘോഷങ്ങള്‍, എന്നിവ പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താവൂ എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.