കശ്മീരില്‍ പോലീസ് വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; 4 പേര്‍ക്ക് പരിക്ക്

Friday 25 May 2018 1:17 pm IST
ജമ്മു കശ്മീരില്‍ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11-നായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് നേരയാണ് ഭീകരാക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ എസ്എംജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികളെ പിടികൂടാനായി സുരക്ഷാസേന വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു. 

അതേസമയം, ജമ്മു ബി.സി റോഡിലെ ബസ്റ്റാന്‍ഡിലും ഗ്രനേഡ് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.  ബുധനാഴ്ച കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ആറു സിവിലിയന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.

എന്നാല്‍ റംസാന്‍ മാസത്തോട് അനുബന്ധിച്ച് കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ നില നില്‍ക്കുമ്പോഴും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിരന്തരമായി പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തില്‍ പ്രകോപിതരായാണ് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിയുന്ന സംഭവങ്ങളില്‍ കാര്യമായ കുറവുണ്ടായെന്ന് കശ്മീര്‍ ഡി.ജി.പി എസ്.പി വാഹിദ് പ്രതികരിച്ചു. മെയ് 17 മുതല്‍ 20 വരെയുള്ള തീയതികള്‍ ആറ് സംഭവങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.