കൊല്‍ക്കത്ത: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ഉന്നമനത്തിന് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വ ഭാരതി സര്‍വകലാശാലയില്‍ നടന്ന ബിരുദ ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി ഉണ്ടാകേണ്ടത് രാജ്യത്തിന്റെ പ്രാഥമിക അനിവാര്യതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
വസുദൈവ കുടുംബകം എന്ന ആഗോള മാനവിക സങ്കല്‍പ്പമാണ് ഇന്ത്യന്‍ സംസ്കാരം ലോകത്തിനു മുന്നില്‍ വച്ചത്. ലോകത്തിനാകെ സ്വീകാര്യമായ തത്വമായി അത് ഇന്നും തുടരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സംസ്കാരിക ബന്ധത്തിന്റെ തെളിവാണ് വിശ്വഭാരതി സര്‍വകലാശാലയില്‍ സ്ഥാപിച്ച ബംഗ്ലാദേശ് ഭവന് എന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് വിശ്വ ഭാരതി സര്‍വകലാശാലയില്‍ നിര്‍മ്മിച്ച ബംഗ്ലാദേശ് ഭവന്റെ ഉദ്ഘാടനം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയും നരേന്ദ്ര മോദിയും ചേര്‍ന്ന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: