തൂത്തുക്കുടി വെടിവയ്പ്പ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

Friday 25 May 2018 4:56 pm IST
തൂത്തുക്കുടി വെടിവയ്പ്പില്‍ സിബിഐ അന്വേഷണം തേടിയുള്ള പരാതിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. കോടതി പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: തൂത്തുക്കുടി വെടിവയ്പ്പില്‍ സിബിഐ അന്വേഷണം തേടിയുള്ള  പരാതിയില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. കോടതി പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.

തൂത്തുക്കുടി വെടിവയ്പ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്.മണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി, പോലീസ് സൂപ്രണ്ടന്റ് മുരളി റാംബ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസിന്റെ വെടിവയ്പ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാകുകയാണ്. സമരക്കാരെ പിരിച്ചുവിടാനുള്ള മുന്നറിയിപ്പ് എന്ന നിലയില്‍ ആകാശത്തേയ്ക്ക് വെടിവെയ്ക്കാത്തതും പൊലീസിനെതിരെയുള്ള സംശയം ബലപ്പെടുത്തുന്നുണ്ട്. 

അതേസമയം നിരോധനാജ്ഞ പാലിക്കാത്തതിന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് 100ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.തൂത്തുക്കുടി വെടിവയ്പ്പില്‍ പ്രതിഷേധിച്ച് നടത്തിയ ബന്ദില്‍ ഡിഎംകെ നേതാവ് കനിമൊഴിയേയും വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തോള്‍ തിരുമാവാളവന്‍ എന്നിവരെ പോലീസ്് അറസ്റ്റ് ചെയ്തു. 

ഡിഎംകെ, കോണ്‍ഗ്രസ്, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐ , സിപിഎം, മുസ്ലിംലീഗ്, തുടങ്ങിയ കക്ഷികളാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.സര്‍ക്കാര്‍ രക്തദാഹിയായി മാറിയെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രാജി വയ്ക്കണമെന്നും ഡിഎംകെ നേതാവ് കനിമൊഴി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

സര്‍ക്കാരിന്റെ ഭാഗം വ്യക്തമാണെന്നും കമ്പനി നടത്താന്‍ അനുവദിക്കില്ലെന്നും ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിച്ഛേദിച്ചു. ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതുവരെ ഉത്പാദനം നിര്‍്ത്തിവയ്ക്കണമെന്ന ആവശ്യം നടപ്പാക്കത്തിതിനാണ് നടപടി.

2018- 2023 കാലയളവില്‍ കമ്പനി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ബുധനാഴ്ച മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയിരുന്നു. മുമ്പ് ലൈസന്‍സ് പുതുക്കിയപ്പോള്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയോട് അധികൃതര്‍ പാലിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. ചെമ്പ് ലോഹമാലിന്യം തള്ളുക, ഭൂഗര്‍ഭജല വിശകലനമില്ലായ്മ, ഹാനികരമായ മാലിന്യ സംസ്‌കരണത്തിലെ അപര്യാപ്തത, എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് വികസിപ്പിക്കാനുള്ള വേദാന്ത ഗ്രൂപ്പിന്റെ ശ്രമം മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.