കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് ബഹുജനമാര്‍ച്ച് ഇന്ന്

Friday 25 May 2018 7:22 pm IST

 

കണ്ണൂര്‍: കീഴാറ്റൂര്‍ ഐക്യദാര്‍ഡ്യ സമിതിയുടെ നേതൃത്വത്തില്‍ കീഴാറ്റാരില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ന് രാവിലെ 9 മണിക്ക് ബഹുജനമാര്‍ച്ച് നടക്കും. ജില്ലയില്‍ ദേശീയപാത കടന്നുപോകുന്ന മുഴപ്പിലങ്ങാട്, എടക്കാട്, ചാല, മുണ്ടയാട്, കീഴ്ത്തള്ളി, തങ്കേക്കുന്ന്, അത്താഴക്കുന്ന്, തുരുത്തി, കോട്ടക്കുന്ന്, പാപ്പിനിശ്ശേരി, ബക്കളം, ധര്‍മ്മശാല, പരിയാരം, പിലാത്തറ, പയ്യന്നൂര്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കുടുംബസമേതം രാവിലെ 9.30 ന് തന്നെ കീഴാറ്റൂരില്‍ എത്തിച്ചേരണമെന്നാണ് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി തീരുമാനച്ചിട്ടുള്ളത്.

ദേശീയപാത സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ത്രിഡി നോട്ടിഫിക്കേഷന്‍ ഇറങ്ങാത്ത സ്ഥലങ്ങളിലൂടെ ഉടന്‍തന്നെ നോട്ടിഫിക്കേഷന്‍ ഇറക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെയും അശാസ്ത്രീയമായ അലൈന്‍മെന്റുകള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടും അനാവശ്യമായി ജനങ്ങളെ കുടിയിറക്കിക്കൊണ്ടും ദേശീയപാത വികസനം പൂര്‍ത്തിയാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ജനങ്ങളെയും പരിസ്ഥിതിയെയും മറന്നുകൊണ്ടുള്ള ഈ വികസന നയത്തിന് തടയിടേണ്ടതുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള വികസനനയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വികസനം എന്ന പേരില്‍ കുത്തകകള്‍ക്കും ബഹുരാഷ്ട്ര കമ്പനികള്‍ക്കും കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കുകയല്ല ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും യോഗ വിലയിരത്തി. മുഴുവന്‍ ജനങ്ങളുടെയും പിന്തുണയും സഹകരണവും ദേശീയപാത സമരങ്ങള്‍ക്ക് ഉണ്ടാകണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വൈകുന്നേരം 6 മണിക്ക് കണ്ണൂരില്‍ ബഹുജനമാര്‍ച്ച് സമാപിക്കും.

എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അനൂപ് ജോണ്‍ എരിമറ്റം, കെ.കെ.ഉത്തമന്‍, അബ്ദുള്‍ഖാദര്‍, കെ.വി.ഷിജു, എ.ടി.ഉണ്ണിരാജന്‍, നജീബ് കടവത്ത്, എ.മുഹമ്മദ് കോയ, എം.കെ.ജയരാജന്‍, കെ.നിഷില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.