ബസ് സ്റ്റാന്റ് കയ്യടക്കി സ്വകാര്യ വാഹനങ്ങള്‍

Friday 25 May 2018 7:22 pm IST

 

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ ബസ് സ്റ്റാന്‍ിലെത്തുന്നവര്‍ ഇപ്പോള്‍ ആദ്യം ഒന്നമ്പരക്കും. ബസ് സ്റ്റാന്റിന്റെ ഭൂരിഭാഗം സ്ഥലവും കൈയടക്കിയിരിക്കുന്നത് സ്വകാര്യ വാഹനങ്ങള്‍. സ്റ്റാന്റില്‍ കയറാന്‍ കഴിയാതെ ബസുകള്‍ പുറത്ത് സംസ്ഥാന പാതയോരത്ത് നിര്‍ത്തിയിടേണ്ട അവസ്ഥയായതോടെ ബസ്സുകള്‍ തേടി പരക്കം പായേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

മിക്ക ദിവസങ്ങളിലും ബസ് സ്റ്റാന്റിലെ അവസ്ഥ ഇതാണ്. അനധികൃത പാര്‍ക്കിംഗ് വ്യാപകമായതോടെ ആറ് മാസം മുമ്പ് ഇരിക്കൂര്‍ പോലീസ് ഇവിടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്റ് കയ്യടക്കിയതോടെ ബോര്‍ഡ് പോലും കാണാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ബോര്‍ഡ് സ്ഥാപിച്ച ആദ്യ ദിവസങ്ങളില്‍ ഇവിടെ ഹോം ഗാര്‍ഡിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ 25 മീറ്റര്‍ മാത്രം ദൂരെയുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞ് നോക്കാറില്ല. 

ബസ് സ്റ്റാന്റിന്റെ ഒരു ഭാഗത്ത് ഓട്ടോ സ്റ്റാന്റുമുണ്ട്. സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടുന്ന ബസ് സ്റ്റാന്റില്‍ അനധികൃത പാര്‍ക്കിംഗും കൂടിയാവുന്നതോടെ ബസുകളും യാത്രക്കാരും വന്‍ ദുരിതമനുഭവിക്കുകയാണ്. ബസുകള്‍ക്ക് സ്റ്റാന്റില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കും പതിവാണ്. ബസ് സ്റ്റാന്റിലെ അനധികൃത പാര്‍ക്കിംഗ് തടയണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ പഞ്ചായത്തിലും പോലീസിലും പരാതിപ്പെട്ടെങ്കിലും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.