കുമ്മനം മിസോറാം ഗവര്‍ണര്‍

Friday 25 May 2018 8:57 pm IST

ന്യൂദല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. ഇത് സംബന്ധിച്ച  ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. നിലവിലെ ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ നിര്‍ഭയ് ശര്‍മ്മയുടെ കാലാവധി ഈ മാസം 28നാണ് അവസാനിക്കുന്നത്. കേരളത്തില്‍ നിന്നും നേരത്തെ  2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമന്‍ മിസോറാം ഗവര്‍ണറായിട്ടുണ്ട്. ഒഡീഷ ഗവര്‍ണറായി പ്രൊഫ.ഗണേശി ലാലിനെയും നിയമിച്ചിട്ടുണ്ട്.

1952 ഡിസംബര്‍ 23ന് കോട്ടയം അയ്മനം പഞ്ചായത്തിലെ കുമ്മനത്ത് ജനിച്ച അദ്ദേഹം കോട്ടയം എന്‍എസ്എസ് ഹൈസ്‌കൂളിലും സിഎംഎസ് കോളേജിലുമായി വിദ്യാഭ്യാസം നിര്‍വഹിച്ച് സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ജേര്‍ണലിസം ആന്റ് പബ്ലിക് റിലേഷന്‍സില്‍ പിജി ഡിപ്‌ളോമ നേടി.

അച്ഛന്‍ അഡ്വ.വി.കെ. രാമകൃഷ്ണപിള്ള കോട്ടയം ബാറിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. അമ്മ പി. പാറുക്കുട്ടിയമ്മ. സഹോദരങ്ങള്‍ ആറുപേര്‍. 1974 ല്‍ ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലി നേടി. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പൊതു പ്രവര്‍ത്തനത്തിനായി 13 വര്‍ഷത്തെ സേവനത്തിനു ശേഷം ജോലി ഉപേക്ഷിച്ചു.

1982 ല്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി പദത്തിലെത്തി. 1979 ല്‍ ജില്ലാ സെക്രട്ടറി. 81ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി. 1985ല്‍ ഹിന്ദുമുന്നണി ജനറല്‍ സെക്രട്ടറി. 1992ല്‍ ഹിന്ദു ഐക്യവേദി ജനറല്‍ കണ്‍വീനറായി. 1996ല്‍ വിഎച്ച്പി സംഘടനാ സെക്രട്ടറി. 2009ല്‍ അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി. 2012 ല്‍ ആറന്മുള പൈതൃക സംരക്ഷണ കര്‍മ്മസമിതിയുടെ മുഖ്യ രക്ഷാധികാരി. 2015 ഡിസംബര്‍ 18 ന് ബിജെപി സംസ്ഥാന അധ്യക്ഷനായി . 

 1974-ല്‍ ദീപികയില്‍ സബ് എഡിറ്ററായി പത്രപ്രവര്‍ത്തന മേഖലയില്‍ തുടക്കം. രാഷ്ട്ര വാര്‍ത്ത, കേരളദേശം, കേരള ഭൂഷണം, കേരളധ്വനി എന്നീ പത്രങ്ങൡ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1989ല്‍ ജന്മഭൂമിയില്‍ എഡിറ്ററായി. 2007മുതല്‍ മാനേജിങ് എഡിറ്ററുടെ ചുമതല നിര്‍വഹിച്ചു. തുടര്‍ന്ന് ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായി. 2011 മുതല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. 

1982ലെ നിലയ്ക്കല്‍ പ്രക്ഷോഭത്തോടെ ഹൈന്ദവ നേതൃസ്ഥാനത്തേക്കെത്തി. ക്ഷേത്ര വിമോചന സമരം, മംഗളാ ദേവി-അഗസ്ത്യാര്‍കൂടം മോചന രഥയാത്ര, എകാത്മരഥയാത്ര തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ നായകത്വം വഹിച്ചു. മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം സമാധാനത്തിലെത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചു. 1987 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നിന്നും മത്സരിച്ച് നേരിയ വോട്ടിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ആറന്മുള പൈതൃക-പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭത്തില്‍ നേതൃസ്ഥാനത്തു നിന്ന കുമ്മനം വമ്പിച്ച ബഹുജന പിന്തുണ നേടി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.