അവസാന ലാപ്പില്‍ വര്‍ഗീയത

Saturday 26 May 2018 1:13 am IST
പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിച്ചതും, കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനങ്ങളും. ശുദ്ധജലക്ഷാമം അടക്കം സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയുള്ള പ്രചാരണം ഇടതുവലതു മുന്നണികളുടെ വര്‍ഗീയ അസ്ത്രത്തെ തകര്‍ക്കുന്ന ബ്രഹാമാസ്ത്രമാണെന്ന് എന്‍ഡിഎ പറയുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ  അവസാന ലാപ്പില്‍ പ്രചാരണരംഗത്ത് നിറഞ്ഞത് ന്യൂനപക്ഷ മതപ്രീണനം. ക്രൈസ്തവ, മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മുതിര്‍ന്ന നേതാക്കള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത് ചെങ്ങന്നൂരിലെ മതേതര വിശ്വാസികളായ ബഹുഭൂരിപക്ഷം വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമായി. രണ്ടു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിന്റെ ഒടുക്കം മലീമസമാക്കിയതിന്റെ പ്രധാന ഉത്തരവാദികള്‍ സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങളാണ്.

 എ.കെ. ആന്റണിയും, ഉമ്മന്‍ചാണ്ടിയും ഒരു വശത്തും. പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും മറുഭാഗത്തുമായി പച്ചയായ വര്‍ഗീയത പറഞ്ഞു തുടങ്ങിയതോടെ അയ്യപ്പഭക്തന്‍മാരെ അവഹേളിക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കൂട്ടരുടെ പ്രചാരണത്തോടെ സാധാരണ വോട്ടര്‍മാര്‍ ചോദിക്കുന്നത് മണ്ഡലത്തില്‍ സംഘടിത മതന്യൂനപക്ഷങ്ങള്‍ മാത്രമെ ഉള്ളോയെന്നാണ്, ന്യൂനപക്ഷങ്ങളുടെ വോട്ടിന് മറ്റു വിഭാഗങ്ങളുടെ വോട്ടിനേക്കാള്‍ മൂല്യം കൂടുതലുണ്ടെന്ന് പറയാതെ പറയുകയാണ് ഇടതുവലതു മുന്നണികള്‍. 

 എന്നാല്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും തരംതാഴ്ന്ന രാഷ്ട്രീയത്തിന് വഴങ്ങാന്‍ തങ്ങളെ കിട്ടില്ലെന്ന വ്യക്തമായ സന്ദേശം ക്രൈസ്തവ സഭകളില്‍ നിന്നും ഉയരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. തന്നെ വന്ന് കാണാനുള്ള പിണറായി വിജയന്റെ ആവശ്യം ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം നിരസിച്ചത് സിപിഎമ്മിന്റെ കരണത്തേറ്റ അടിയായി മാറി. അടവുകള്‍ പലതും പയറ്റിയിട്ടും യാക്കോബായ വിഭാഗവും, മാര്‍ത്തോമ്മാ വിഭാഗവും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം നോക്കിയാകും ഇത്തവണ വോട്ടു നല്‍കുകയെന്നും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പരിഭ്രാന്തിയിലായ സിപിഎമ്മും, ഇടതുപക്ഷവും രാഷ്ട്രീയ പോരാട്ടം അവസാനിപ്പിച്ച് വര്‍ഗീയ വികാരം ഇളക്കിവിടുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു.

യുഡിഎഫിന്റെ സ്ഥിതിയും മറ്റൊന്നല്ല. എ.കെ. ആന്റണിയും, ഉമ്മന്‍ചാണ്ടിയുമാണ് ക്രൈസ്തവ വികാരം മണ്ഡലത്തില്‍ ഇളക്കി വിടാന്‍ ശ്രമം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ന്യൂനപക്ഷ പ്രീണനത്തിന് സിപിഎമ്മുമായി മത്സരിച്ചത്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ഇതുവരെ താന്‍ ചോദിച്ചിട്ടില്ലെന്നത് അഭിമാനത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്.

പിണറായി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണവും, നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണവും ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കി മാറ്റിയത് എന്‍ഡിഎ മാത്രമായിരുന്നു. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10,708 പേര്‍ കൂടി, 1,99,340ലെത്തി. ഇതില്‍ പുരുഷന്മാര്‍ 92,919 ഉം സ്ത്രീകള്‍ 1,06,421 മാണ്. പുരുഷ വോട്ടര്‍മാരേക്കാള്‍ കൂടുതലായി 13,502 സ്ത്രീ വോട്ടര്‍മാരാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്ളത്. 

പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിച്ചതും, കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനങ്ങളും, ശുദ്ധജലക്ഷാമം അടക്കമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയുള്ള പ്രചാരണം ഇടതുവലതു മുന്നണികളുടെ വര്‍ഗീയ അസ്ത്രത്തെ തകര്‍ക്കുന്ന ബ്രഹാമാസ്ത്രമാണെന്ന് എന്‍ഡിഎ പറയുന്നു. 2016ല്‍ മുന്നണിക്കു ലഭിച്ചത് 29.33 ശതമാനം വോട്ടാണ്. പത്തു ശതമാനത്തിലേറെ വോട്ടുകള്‍ കൂടി നേടാനായാല്‍ ചരിത്രം മാറും. എല്ലാവര്‍ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജപിയുടെ നയവും മുദ്രാവാക്യവുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.