വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇങ്ങനെ മതിയോ?

Saturday 26 May 2018 1:31 am IST

കേരളം പകര്‍ച്ചവ്യാധികളുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുകയാണ്. കേട്ടിട്ട്‌പോലുമില്ലാത്ത രോഗങ്ങളാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.  രോഗം പരത്തുന്ന വൈറസുകളെ കണ്ടെത്താന്‍ നല്ല പരിശോധനാ സംവിധാനങ്ങള്‍ വേണം. ആലപ്പുഴയില്‍ വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ട് നിലവിലുണ്ടെങ്കിലും ഇതിനെ നല്ല പരിശോധനാ കേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ടും സംസ്ഥാനം വൈറോജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കാര്യത്തില്‍ അലംഭാവം തുടരുകയാണെന്നാണു റിപ്പോര്‍ട്ട്.  കെട്ടിടത്തിന്റെ പണി ഇഴഞ്ഞു നീങ്ങുന്നു. 2015ലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിനായി 34.25 കോടി രൂപ അനുവദിച്ചത്. സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ ഈ ഫണ്ട് നഷ്ടമാകും. 

-ബാബുകുമാര്‍, ആലപ്പുഴ 

ഇവര്‍ക്ക് പ്രധാനം സ്വന്തം നിലനില്‍പ്പ്

രാജ്യത്തിന്റെ ഭാവിയല്ല, തങ്ങളുടെ നിലനില്‍പാണു പ്രധാനം എന്നു കര്‍ണാടകയില്‍ ബിജെപി ഇതര കക്ഷികള്‍ തെളിയിച്ചു.   എന്തോ അത്യാപത്തു വരുവാന്‍ പോകുന്നു എന്ന തരത്തിലാണ്, കീരിയും പാമ്പും, നീര്‍കുതിരയും, ചൊട്ട അണലിയും, ഓലഞ്ഞാലിയും, വവ്വാലും എല്ലാം ഓടികൂടിയത്. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ചചെയ്യാന്‍ തയ്യാറില്ലാത്ത ഈ കക്ഷികള്‍, ഒരു തവണ കൂടി മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നാല്‍ തങ്ങള്‍ക്കു എന്തു സംഭവിക്കും എന്നു ബോധ്യമുള്ളവരാണ്.

സ്വതന്ത്ര ഭാരതത്തില്‍ അഴിമതിയുടെ ലാഞ്ഛനയില്ലാത്ത, പണപ്പെട്ടിയില്‍ കൈയിട്ടു വാരാത്ത, ദേശസ്‌നേഹം കാത്തുസൂക്ഷിക്കുന്ന, ഒരു ഭരണം കാണുന്നത് ഇപ്പോഴാണ്. വേരും മൂടുമില്ലാത്ത, സംസ്ഥാനങ്ങളില്‍ മാത്രമൊതുങ്ങുന്ന ഒട്ടുമിക്ക കക്ഷികളും പ്രധാനമന്ത്രി കസേരയില്‍ നോട്ടമുള്ളവരുമാണ്. അവരുടെ ഇടയില്‍ കോണ്‍ഗ്രസ് എട്ടാം സ്ഥാനത്തോ പത്താംസ്ഥാനത്തോ മാറിനില്‍കേണ്ടിവരും. 4 വര്‍ഷത്തെ സദ്ഭരണംകൊണ്ട് ഖജനാവ് നിറഞ്ഞ് ശക്തമായ സാമ്പത്തിക അടിത്തറയിലായ ഇന്ത്യയുടെ ഭരണം ആരാണു മോഹിക്കാത്തത്? പക്ഷെ, ലക്ഷ്യബോധവും, നിശ്ചയദാര്‍ഢ്യവും, രാജ്യസ്‌നേഹവും ഉള്ള, അഴിമതി രഹിത സര്‍ക്കാരിനെ നയിക്കാന്‍ കരുത്തുള്ള ജനവിശ്വാസമുള്ള ഒരാള്‍ പ്രതിപക്ഷ നിരയില്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.

-എന്‍. മുരളി, കുടശനാട്

എണ്ണവിലയിലെ ഇരട്ടത്താപ്പ്

എണ്ണവില നിയന്ത്രണം കമ്പനികള്‍ക്ക് ലഭിച്ച ശേഷം അന്താരാഷ്ട്ര വിപണിയിലെ വില കുറയുന്നതിന് അനുസൃതമായി ഇന്ത്യയില്‍ പെട്രോളിയം വില  കുറയാത്തത് എന്താണെന്ന് ഒരിക്കല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഐ.ഓ.സി ചെയര്‍മാനോടു ചോദിച്ചു.  അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്; മറ്റു രാജ്യങ്ങളില്‍ നിന്ന് കപ്പലില്‍ പെട്രോളിയം എത്തിച്ച് ശുദ്ധീകരിച്ച ശേഷം പമ്പുകളില്‍ എത്തുമ്പോഴേക്ക് മൂന്നു മാസം എടുക്കും. അതിനാല്‍ ഇന്ത്യയില്‍  വിലക്കുറവ്  ലഭിക്കാന്‍ മൂന്നു മാസം കഴിയും.

എന്നാല്‍ അന്താരാഷ്ട്രവില ഉയരുമ്പോള്‍ അന്ന് രാത്രി തന്നെ ഇവിടെ വില കൂടുന്നുമുണ്ട്. ഇത് ഇരട്ടത്താപ്പല്ലേ? ഒരു വാക്കു പറഞ്ഞാല്‍  ഗുണമായാലും ദോഷമായാലും  അതില്‍ ഉറച്ചു നില്‍ക്കുന്നതാണ് അന്തസും മാന്യതയും.

ജോഷി ബി. ജോണ്‍ കൊല്ലം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.