കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം

Friday 25 May 2018 9:57 pm IST

 

ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവം തുടങ്ങാനിരിക്കെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അവലോക യോഗത്തിന്റേതാണ് തീരുമാനം. ഇരിട്ടി താലൂക്ക് ഓഫീസിലായിരുന്നു യോഗം ചേര്‍ന്നത്. 

ഉത്സവവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാമിലി ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 27 മുതല്‍ അക്കരെ കൊട്ടിയൂരില്‍ എയിഡ്‌പോസ്റ്റ് സ്ഥാപിക്കും. 28 ന് മേഖലയിലെ ഹോട്ടല്‍ കച്ചവടക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തും. 

കൊട്ടിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണ് . തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുന്ന ഭക്തജനങ്ങളില്‍ ഏറിയപങ്കും കോഴിക്കോട് മേഖലയില്‍ നിന്നാണെന്നിരിക്കേ ഈ വിഷയത്തിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായി. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡ് രൂപീകരിക്കണമെന്നും പരിശോധന കര്‍ശനമാക്കണമെന്നും എക്‌സൈസ് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍, കുപ്പികള്‍ എന്നിവ വില്‍ക്കരുതെന്നും വലിച്ചെറിയരുതെന്നും കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും 28 ന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ജനപ്രതിനിധികള്‍ കുടുംബശ്രീ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഘോഷയാത്ര നടത്താനും കടകളില്‍ കര്‍ശന പരിശോധന നടത്താനും, ഉത്സവനഗരി യാചക നിരോധിത മേഖലയാക്കാനും തീരുമാനിച്ചു. കൊട്ടിയൂരില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും തിളപ്പിച്ച വെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനും വേണ്ട എല്ലാ സഹായങ്ങളും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പോലീസ് അധികാരികള്‍ ഉറപ്പു നല്‍കി. പാര്‍ക്കിങ് പ്രദേശത്ത് പാര്‍ക്കിങ് റേറ്റ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കാനും കച്ചവടക്കാര്‍ക്കും ഹോട്ടല്‍ തൊഴിലാളികള്‍ക്കും പഞ്ചായത്തുകള്‍ ഐ ഡി കാര്‍ഡുകള്‍ നല്‍കുവാനും തീരുമാനമായി. 

ഇന്ന് മുതല്‍ ഉത്സവം കഴിയുന്നത് വരെ ഭാരം കയറ്റിയ വണ്ടികള്‍ ബോയിസ് ടൗണ്‍ റോഡിലൂടെയും സമാന്തര വഴികളിലൂടെയും പോകുന്നത് പോലീസ് നിരുദ്ധിച്ചു. യോഗത്തില്‍ തഹസില്‍ദാര്‍ കെ.കെ. ദിവാകരനെക്കൂടാതെ കേളകം എഎസ്‌ഐ മനോജ്കുമാര്‍, ഇ.ആര്‍.സുരേഷ്, കൊട്ടിയൂര്‍ െ്രെപമറി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, പേരാവൂര്‍ അഗ്‌നി രക്ഷാനിലയം അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി. ശശി, കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.ആര്‍. ഷാജി, കൊട്ടിയൂര്‍ ദേവസ്വം അക്കൌണ്ടന്റ് കെ.പി.മോഹന്‍ദാസ്, പേരാവൂര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ഉമ്മര്‍, പേരാവൂര്‍ ബ്ലോക്ക് ജിഇഒ ശൈലേഷ് ബാബു, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫിസര്‍ കെ.സിറാജുദ്ദീന്‍, കൊട്ടിയൂര്‍ പഞ്ചായത്ത് എച്ച് സി.വി.പവിത്രന്‍, കേളകം ഇലട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അഖില്‍ ചാക്കോ, റോയി നമ്പുടാകം എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.